ആലപ്പുഴ:ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന് പിന്നിൽ സി.പി.എമ്മിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റു ചെയ്യണം. അറസ്റ്റ് വൈകിയാൽ കോൺഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്നും ലിജു പറഞ്ഞു..
യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി കറ്റാനം ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈൽ ഹസൻ കഴുത്തിൽ വെട്ടേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ അക്രമിച്ച സംഘത്തിലുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും നേതാക്കളുടെയും പേര് മൊഴി നൽകിയിട്ടും പൊലീസ് ആരെയും അറസ്റ്റു ചെയ്യാത്ത നടപടി സി.പി.എം.നേതൃത്വത്തിന്റെ ഇടപെടലാണ് വെളിപ്പെടുത്തുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിനെതിരായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്ത് വന്നിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന സംഘടനകളെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും കൊലപെടുത്തുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവ്യപ്പെട്ട് ലോക്ക്ഡൗൺ ലംഘിക്കാതെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ സമരം നടത്തിയ അഞ്ച് യൂത്ത്കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാമെന്ന് ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ഡിവൈ. എസ്.പിയും ഉറപ്പ് നൽകിയതായി ലിജു പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും ഒപ്പമുണ്ടായിരുന്നു.