ഹർഷകുമാർ ഓഫീസിലെത്തുന്നത് സൈക്കിളിൽ 25 കി.മി താണ്ടി
ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി തന്റെ യാത്ര മുടക്കിയെങ്കിലും ആലപ്പുഴയിൽ ജലഗതാഗത വകുപ്പിലെ ലാസ്കറായ ഹർഷകുമാർ വീട്ടിലൊതുങ്ങാൻ തയ്യാറായില്ല. 25 കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്ക് പല്ലനയിലെ വീട്ടിൽ നിന്ന് രാവിലെ എട്ടുമണിയോടെ സൈക്കിളിൽ ഒരൊറ്റ വിടലാണ്, 10 മണിക്കുമുമ്പ് ഓഫീസിൽ ഹാജർ!
18 വർഷമായി ജലഗതാഗത വകുപ്പിനൊപ്പം ഒഴുകുന്ന പല്ലന മാമ്മൂലയിൽ പുത്തൻവീട്ടിൽ ഹർഷകുമാറിന് (53) സൈക്കിൾ സവാരി ഹരമാണ്. സ്കൂൾ പഠനകാലത്ത് തുടങ്ങിയ ശീലം. അന്നൊരു ഹെർക്കുലീസ് സൈക്കിളുണ്ടായിരുന്നു. വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള താമല്ലാക്കൽ, പുന്നപ്ര കരുവാറ്റ പ്രദേശങ്ങളിലൊക്കെ സൈക്കിളിലാണ് പോയിരുന്നത്. ഇതേവരെ സ്വന്തമായി സ്കൂട്ടറോ ബൈക്കോ ഒന്നും വാങ്ങിയിട്ടില്ല. ഓടിക്കാനൊട്ട് അറിയുകയുമില്ല! എൻ.ജി.ഒ യൂണിയൻ പ്രവർത്തകനായ ഹർഷകുമാർ 15വർഷമായി ആലപ്പുഴയിലാണ് ജോലി നോക്കുന്നത്. കൊവിഡിനെ തുടർന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നിറുത്തിയെങ്കിലും ബോട്ടുകളുടെ പരിപാലനത്തിന് ജീവനക്കാർ എത്തേണ്ടതുണ്ട്.
വൈകിട്ട് വീട്ടിലേക്കുള്ള യാത്രകൂടിയാവുമ്പോൾ ദിവസം 50 കിലോമീറ്റർ സൈക്കിൾ സവാരി പൂർത്തിയാവും. എങ്കിലും പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നാറില്ലെന്ന് ഹർഷകുമാർ പറയുന്നു. ഹർഷകുമാറിന്റെ ആത്മാർത്ഥതയ്ക്ക് സ്റ്റേഷൻ മാസ്റ്റർ ഷഹീറിന്റെ വകയായി ലഭിച്ച അഭിനന്ദനമാണ് ഈ യാത്രയിലെ ബോണസ്.