a

മാവേലിക്കര: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലൊന്ന് രാത്രിയിൽ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളിൽ വിനോദ് നിവാസിൽ വിമുക്ത ഭടനും ഗ്യാസ് ഏജൻസി മുൻ ജീവനക്കാരനുമായ എം.രാഘവൻ (80), ഭാര്യ മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണോയെന്നും സംശയമുണ്ട്.

ചൊവ്വാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു സ്ഫോടനം. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ വീട്ടിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകടന്നപ്പോഴേക്കും ഇരുവരെയും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന മൂന്നാമത്തെ ഗ്യാസ് സിലണ്ടർ രക്ഷാപ്രവർത്തകർ എടുത്തു മാറ്റി. ഇതിനുശേഷം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.


പൊലീസ് പറയുന്നത്: മക്കൾ കുടുംബസമേതം മാറിത്താമസിക്കുന്നതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പ് രോഗിയായ മണിയമ്മയെ ശുശ്രൂഷിക്കാനെത്തിയിരുന്ന ഹോം നഴ്സിനെ സംഭവ ദിവസം രാവിലെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന ഒരു സിലിണ്ടറിലെ നോബ് ഊരിയ നിലയിലായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടറിൽ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നു റഗുലേറ്ററിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങൾ കണ്ടെത്തി. ചളുങ്ങിയ നിലയിലായിരുന്നു രണ്ടാമത്തെ സിലിണ്ടർ. കിടപ്പ് മുറിയും ഹാളും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. കോൺക്രീറ്റ് വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും പൊട്ടലുണ്ട്. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് സംഭവ സ്ഥലം സന്ദർശിച്ചു. മാവേലിക്കര സി.ഐ ബി.വിനോദ്കുമാർ, എസ്.ഐമാരായ സാബു ജോർജ്, പി.ടി.ജോണി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കൾ: വിനോദ് കുമാർ (എം.എസ്.എം കോളേജ് ജീവനക്കാരൻ), ബീന. മരുമക്കൾ: രജനി, പരേതനായ മനോജ്.