കടയ്ക്ക് മുന്നിൽ കിടന്ന് കിട്ടിയ പണം തിരികെ നൽകി
കൊല്ലം: സോഡ കുടിച്ചതിനുശേഷം പണം നൽകാൻ പോക്കറ്റിൽ നിന്ന് പണമെടുക്കുന്നതിനിടെ നഷ്ടമായ നാലായിരം രൂപ കടക്കാരന്റെ സത്യസന്ധത കാരണം വൃദ്ധന് തിരികെ കിട്ടി. തഴവ മുല്ലശേരി മുക്കിന് സമീപം കോയിക്കൽ പടീറ്റതിൽ മുറുക്കാൻ വ്യാപാരിയായ ബിജുവാണ് ഈ നല്ല മനസിനുടമ. പലചരക്ക് വ്യാപാരിയായ വള്ളികുന്നം കന്നിമേൽ കുരുമ്പോലിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്.
ഇന്നലെ കരുനാഗപ്പള്ളി പുതിയകാവ് മാർക്കറ്റിൽ നിന്ന് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുമ്പോൾ ഗോപാലകൃഷ്ണപിള്ള ബിജുവിന്റെ കടയിൽ നിന്ന് സോഡ കുടിച്ചു. ഇതിന്റെ പണം നൽകാൻ പോക്കറ്റിൽ നിന്ന് കാശെടുത്തപ്പോൾ നാലായിരം രൂപ കടയുടെ മുന്നിൽ വീണത് അറിഞ്ഞില്ല. ഗോപാലകൃഷ്ണപിള്ള പോയശേഷമാണ് നിലത്തു കിടക്കുന്ന പണം ബിജു കണ്ടത്. പിള്ളയെ ബിജുവിന് പരിചയമുണ്ടായിരുന്നില്ല. സോഡ കുടിക്കുന്നതിനിടെ പിള്ള പഞ്ചായത്തംഗം സലിം അമ്പിത്തറയുമായി സംസാരിച്ചിരുന്നത് ഓർമ്മവന്ന ബിജു ഉടൻ സലിമിനെ ബന്ധപ്പെട്ട് ആളെ തിരിച്ചറിയുകയും പണം നഷ്ടപ്പെട്ടതായി ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് സലിം അമ്പിത്തറയുടെയും അയൽവാസിയായ ഗോപാലകൃഷ്ണൻ കൈപ്ളേത്ത്, ബന്ധുവായ ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, ഗോപാലകൃഷ്ണപിള്ളയുടെ മരുമകൻ ഉണ്ണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിജു പണം കൈമാറി.
ഏതാനും വർഷം മുമ്പ് അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട ബിജു വീടിനോട് ചേർന്നുള്ള കടയിൽ മുറുക്കാനും ലോട്ടറിയും കച്ചവടം ചെയ്താണ് കുടുംബം പോറ്റുന്നത്.
ലോക്ക് ഡൗണിൽ ലോട്ടറി വ്യാപാരം നിലച്ചതോടെ കച്ചവടം നന്നെ കുറഞ്ഞു. ഇത്തരത്തിൽ കഷ്ടപ്പെടുമ്പോഴും കൈവന്ന പണം ഉടമയ്ക്ക് തിരിച്ചു നൽകാൻ ബിജുവിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കഴിഞ്ഞവർഷം കടയ്ക്ക് മുന്നിലെ റോഡിൽ നിന്ന് കിട്ടിയ ഒന്നരപ്പവൻ സ്വർണമാലയും ലോക്കറ്റും ഉടമയായ വീട്ടമ്മയ്ക്ക് ബിജു തിരികെ നൽകിയിരുന്നു
. ഭാര്യ ശ്രീകുമാരിയും മകൻ ജിഷ്ണുവും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.