ആലപ്പുഴ: മദ്യം കിട്ടാതായതോടെ 'പ്രമുഖ കുടിയന്മാർക്കൊക്കെ' അരിഷ്ടത്തോടായി പ്രിയം. ഇതോടെ സംസ്ഥാനത്തെ
പല ആയുർവേദ ക്ലിനിക്കുകളിലും അരിഷ്ടം കിട്ടാതെയായി. ഔഷധം മദ്യത്തിന് പകരമായി ഉപയോഗിക്കുന്നത് ഏറെ ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. ആവശ്യക്കാർ കൂടിയതോടെ കുറിപ്പടിയില്ലാതെ അരിഷ്ടം വിൽക്കില്ലെന്ന് പല ക്ളിനിക്കുകളും തീരുമാനിച്ചു. രോഗങ്ങൾ അഭിനയിച്ച് അരിഷ്ടത്തിനായി എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
നൂറ് ലിറ്റർ അരിഷ്ടം വരെ ക്ലിനിക്കുകളിൽ സൂക്ഷിക്കാൻ അനുവാദമുണ്ട്. എന്നാൽ മരുന്ന് സ്റ്റോക്ക് ചെയ്ത പല ഡോക്ടർമാരോടും എക്സൈസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്. കർശനമായ മാനദണ്ഡങ്ങളോടെയാണ് നിലവിൽ അരിഷ്ടം സൂക്ഷിക്കാൻ ലൈസൻസ് നൽകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം മരുന്നിന് ക്ഷാമം നേരിട്ടതോടെ പലേടത്തും വ്യാജ അരിഷ്ട നിർമ്മാണം ആരംഭിച്ചതും എക്സൈസിനും തലവേദനയായിട്ടുണ്ട്.
അമിതമായാൽ ആപത്ത്
അരിഷ്ടത്തിലെ ശർക്കര പ്രമേഹം വർദ്ധിപ്പിക്കും
നിർജലീകരണം
ഛർദ്ദി, വയറിളക്കം, വയറുവേദന
വിശപ്പ് കൂടും
അരിഷ്ടത്തിന് എങ്ങനെ വീര്യം?
കഷായം തിളപ്പിച്ച് ശർക്കരയും തേനും താതിരിപ്പൂവും വിവിധ പൊടികളും ചേർത്ത് 28 മുതൽ 41 ദിവസം വരെ അടച്ചു കെട്ടിവച്ചാണ് അരിഷ്ടം ഉണ്ടാക്കുന്നത്. താതിരിപ്പൂവിന്റെയും ശർക്കരയുടെയും സാന്നിദ്ധ്യമാണ് ലഹരി നൽകുന്നത്.
ബിയറിൽ ആൽക്കഹോളിന്റെ അളവ് എട്ടു ശതമാനത്തിൽ താഴെയാണെങ്കിൽ, ദശമൂലാരിഷ്ടത്തിൽ ഇത് 12ശതമാനമാണ്. 30 മില്ലി മദ്യം കുടിച്ച അതേ ഫലം ലഭിക്കണമെങ്കിൽ കൂടുതൽ അരിഷ്ടം അകത്താക്കേണ്ടി വരും.
ആൽക്കഹോൾ അളവ്
മധൂഗാസവാരിഷ്ടം: 22 %
ദശമൂലാരിഷ്ടം: 12- 18 %
ജീരകാരിഷ്ടം: 12 %
ഒരുപാട് ഗുണമുള്ള ഔഷധമാണ് അരിഷ്ടം. ഏത് സാധനമായാലും അളവിൽ കൂടുതൽ ഉപയോഗിക്കുന്നത് ദോഷമാണ്.
-ഡോ. വിഷ്ണു നമ്പൂതിരി, ആയുർവേദ ഡോക്ടർ
ഈഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള അരിഷ്ടം അമിത അളവിലെത്തുമ്പോൾ മദ്യത്തിന്റെ അതേ ദോഷങ്ങൾ വരുത്തും. കരളിന്റെ പ്രവർത്തനത്തെ വരെ ബാധിച്ചേക്കാം.
-ഡോ.ബി. പത്മകുമാർ, അസോസിയേറ്റ്
പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്)