ലാത്തിയടിയേറ്റ് ഒരാൾക്ക് പരിക്ക്
ആലപ്പുഴ : ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എസ്.പി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ പാെലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. ലാത്തിയടിയേറ്റ് ഒരാൾക്ക് പരിക്കേറ്റു.
ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, സംസ്ഥാന സെക്രട്ടറി നൗഫൽ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ എന്നിവർ എസ്.പി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചു നേതാക്കളെ ജീപ്പിൽ കയറ്റി. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽവച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ ലാത്തിയ്ക്ക് അടിച്ചു. ലാത്തിയടിയേറ്റ് പരിക്കേറ്റ നൂറുദ്ദീൻ കോയയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു.
അറസ്റ്റു ചെയ്ത പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എന്നിവർ ജില്ലാപൊലീസ് മേധാവിയുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെക്കുറിച്ച് ഡിവൈ എസ്.പിയെ കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സമരക്കാരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.