അമ്പലപ്പുഴ : സാലറി ചലഞ്ചിന്റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും.
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ട് വർഷങ്ങളായി. കൊറോണ യുടെ പശ്ചാത്തലത്തിൽ ഹരിയാന, ഗോവ, തമിഴ്നാട്, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം ഉയർത്താൻ അധിക ആനുകൂല്യങ്ങളും ശമ്പളപരിഷ്കരണവും നൽകുമ്പോഴാണ് കേരള സർക്കാർ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതെന്ന് കെ.ജി.എം.സി.ടി.എ ആരോപിച്ചു.രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയാവും കരിദിനാചരണം എന്ന് ഭാരവാഹികൾ അറിയിച്ചു.