അമ്പലപ്പുഴ: അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ ഇടിഞ്ഞുവീണ മതിലിനടിയിൽപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറായ, പുന്നപ്ര വടക്കു പഞ്ചായത്ത് 12-ാം വാർഡ് തേവലപ്പുറത്ത് വെളിവീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകൻ പ്രദീപ് കുമാർ (51) ആണ് മരിച്ചത്. സുഹൃത്തായ പ്ലംബർ പനയക്കുളങ്ങര കൈതക്കാട് വീട്ടിൽ ബാലചന്ദ്രനെ (50) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വീടിനു സമീപം പഴയനടക്കാവ് റോഡിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് തെക്കുഭാഗത്തായിരുന്നു അപകടം. പ്രദീപിന്റെ സമീപവാസിയുടെ പറമ്പിലെ മതിലാണ് ഇടിഞ്ഞു വീണത്. ഒഴിവുള്ള ദിവസങ്ങളിൽ ബാലചന്ദ്രനെ പ്ളംബിംഗ് ജോലികളിൽ സഹായിക്കാൻ പ്രദീപ് കുമാറും കൂടുമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കാന നിർമ്മിക്കുന്നതിന്റെ ഭാഗമായി മതിലിനു സമീപം വാനം കോരിയിട്ട ഭാഗത്തേക്ക് സമീപ വീട്ടിലെ പറമ്പിൽ നിന്ന് വെള്ളം ഒഴുകിയെത്താൻ മതിലിനടിയിലൂടെ പൈപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. അടിവശത്തെ മണ്ണ് മാറ്റിയപ്പോൾ പിടിത്തം വിട്ട മതിൽ ഇരുവരുടെയും ദേഹത്തേക്കു വീഴുകയായിരുന്നു. കാനയിൽ ഇറങ്ങി നിന്നുകൊണ്ടാണ് പൈപ്പിടാൻ ശ്രമിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രദീപ്കുമാറിനെ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന കമ്മറ്റിയുടെ മാതൃകാ ഡ്രൈവർ പുരസ്കാരം ലഭിച്ചയാളാണ് പ്രദീപ് കുമാർ. ഭാര്യ: ജയന്തി. മക്കൾ: പ്രവീൺ, പൂജ