ദുരന്ത കാരണം ചികഞ്ഞ് പൊലീസ്
മാവേലിക്കര: സൈന്യത്തിൽ നിന്നു വിരമിച്ച ശേഷം കാൽ നൂറ്റാണ്ടോളം ഹരിപ്പാട്ടെ ഗ്യാസ് ഏജൻസിയിൽ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു രാഘവന്റെ ജീവിതം. വീട്ടിൽ ഇതേ സിലിണ്ടറുകളിലൊന്ന് തീഗോളമായപ്പോൾ ഭാര്യയ്ക്കൊപ്പം രാഘവന്റെ ജീവനും വെന്തു വെണ്ണീറായി. അർദ്ധരാത്രിയിലുണ്ടായ ആ വൻ സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് നാട് ഇനിയും മോചിതമായിട്ടില്ല.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളിൽ വിനോദ് നിവാസിൽ വിമുക്ത ഭടനും ഗ്യാസ് ഏജൻസി മുൻ ജീവനക്കാരനുമായ എം.രാഘവൻ (80), ഭാര്യ മണിയമ്മ (75) എന്നിവർ അകപ്പെട്ട ദുരന്തത്തിന്റെ കാരണം ചികയുകയാണ് പൊലീസ്. 21ന് രാത്രി 11.45 ഓടെ ഉണ്ടായ സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്റർ അകലെവരെ എത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ നാട് വിറങ്ങലിച്ചു. ദൂരെയുള്ളവർ അഗ്നിനാളം വിഴുങ്ങുന്ന വീടിന് മുന്നിൽ എത്തിയപ്പോഴേക്കും സമീപവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പക്ഷ, കിടപ്പുമുറിയിൽ ദമ്പതികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്താനായത്.
25 വർഷത്തോളം ഹരിപ്പാട്ടെ ഇൻഡ്യൻ ഗ്യാസ് ഏജൻസി ഓഫീസ് ജീവനക്കാരനായിരുന്നു രാഘവൻ. പക്ഷാഘാതം വന്നതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ചത്. വലത് കൈക്ക് ഉണ്ടായ സ്വാധീനക്കുറവ് ചികിത്സയിൽ ഭേദപ്പെട്ടിരുന്നു. ഇൻഡ്യൻ ഗ്യാസിന്റെ ചേപ്പാട് ഏജൻസിയിൽ നിന്നെടുത്ത രണ്ട് സിലണ്ടറുകളാണ് രാഘവന്റെ പേരിൽ ഉണ്ടായിരുന്നത്. കൂടാതെ മകൻ വിനോദ് കുമാറിന്റെ പേരിലുള്ള ഗ്യാസ് കണക്ഷന്റെ സിലണ്ടറും ഈ വീട്ടിൽ ഉണ്ടായിരുന്നു. ഇതിലൊന്ന് അടുക്കളയിൽ പാചകം ചെയ്യുന്ന സ്ഥലത്തും രണ്ടെണ്ണം സ്ഫോടനം നടന്ന മുറിയിലുമായിരുന്നു. അടുക്കളയിൽ ഇരുന്ന സിലിണ്ടറാണ് രക്ഷാപ്രവർത്തകർ എടുത്തുമാറ്റിയത്. ഇതിന്റെ റെഗുലേറ്റർ ഊരിമാറ്റിയ നിലയിലായിരുന്നു. ഒരു റെഗുലേറ്റർ പൊട്ടിത്തെറിച്ച ഗ്യാസ് സിലണ്ടറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വസ്ഥ ജീവിതം
മണിയമ്മയ്ക്ക് ഓർമക്കുറവ് ഉണ്ടായിരുന്നത് മാത്രമാണ് ദമ്പതികളെ അലട്ടിയിരുന്നതെന്ന് മകൻ വിനോദ് കുമാർ പറയുന്നു. ലോക്ക്ഡൗൺ കഴിഞ്ഞിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തീരുമാനിച്ചിരുന്നതാണ്. മണിയമ്മയെ പരിചരിക്കാനാണ് ഹോംനഴ്സിനെ നിറുത്തിയത്. ഇന്നലെ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു. അതിനാലാണ് സംഭവദിവസം രാവിലെ രാഘവന്റെ നിർദ്ദേശപ്രകാരം ഇവർ വീട്ടിലേക്കു മടങ്ങിയത്. ജോലിക്ക് പോകാനുള്ള സൗകര്യാർത്ഥം വിനോദ് കുമാർ 15 വർഷമായി പത്തിയൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ദിവസവും മാതാപിതാക്കളെ കാണാൻ വീട്ടിലെത്തുമായിരുന്നു. മകൾ ചെറുകോലാണ് താമസം. രണ്ട് ദിവസം മുമ്പ് മകൾ വീട്ടിലെത്തിയിരുന്നു. ദമ്പതികളുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യയാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.