മാവേലിക്കര: കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര വില്ലേജിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം ആർ.രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ, ലൈഫ് മിഷൻ ജില്ലാ കോഓഡിനേറ്റർ ഉദയ സിംഹൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, മാവേലിക്കര ബി.ഡി.ഒ ജ്യോതി, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനിലാ സതീഷ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ആർക്കിടെക്ട് വിവേക്, തഴക്കര പഞ്ചായത്തംഗം ജിത്തു എന്നിവരാണ് സന്ദർശനം നടത്തിയത്. അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, സാംസ്‌കാരിക നിലയം, മാലിന്യസംസ്‌കരണ സംവിധാനം, കുടിവെള്ള വിതരണ സംവിധാനം എന്നിവ ഫ്ലാറ്റ് സമുച്ചയത്തിൽ ക്രമീകരിക്കുന്നുണ്ട്. തഴക്കര റെയിൽവേ മേൽപാലത്തിന് വടക്ക് ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഒന്നരയേക്കർ ഭൂമിയാണ് ഫ്ളാറ്റ് നിർമ്മാണത്തിനായി തി​രഞ്ഞെടുത്തത്.