കറ്റാനം : ഭരണിക്കാവിൽ മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ നില ഗുരുതരം. യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് വീട്ടിൽ സുഹൈൽ ഹസനാണ് (23) കഴിഞ്ഞ ദിവസം രാത്രി പത്തോടെ മങ്ങാരം ജംഗ്ഷന് സമീപം വച്ച് വെട്ടേറ്റത്. സുഹൃത്തായ മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ 'മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞ് നിർത്തി കൈയിൽ കരുതിയ വാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഇക്ബാലിന് നേർക്കാണ് ആദ്യം വാൾ വീശിയത്. ഇക്ബാൽ ഒഴിഞ്ഞു മാറിയതിനാൽ പിന്നിലിരുന്ന സുഹൈലിന്റെ കഴുത്തിന് വെട്ടേൽക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഇക്ബാൽ വള്ളികുന്നം പൊലിസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സുഹൈലിനെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇക്ബാലിനോട് പൂർവവൈരാഗ്യം ഉണ്ടായിരുന്നതായും സംഭവത്തിന് പിന്നിൽ സി.പി.എം - ഡി.വൈ.എഫ്. ഐ പ്രവർത്തകരാണെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.