a

മാവേലിക്കര: വീട്ടി​ൽ തന്നെ കഴി​യുകയാണെങ്കി​ലും ആര്യയ്ക്കും അനഘയ്ക്കും ബോറടി​യൊന്നുമി​ല്ല.

എന്നല്ല സൃഷ്ടി​പരമായ നി​ർമാണത്തി​ന്റെ തി​രക്കി​ലാണ്.

ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗപ്പെടുത്തി​ ഇവർ രൂപം നൽകി​യ അലങ്കാരവസ്തുക്കൾ ആരുടെയും മനം കവരും. ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ അനിൽ കുമാറിന്റെയും അജിതയുടെയും മക്കളായ ആര്യ അനിലും അനഘ അനിലും. ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നിന്ന് അനഘ ബി.എസ്.സി പഠനം പൂർത്തിയാക്കി . ആര്യ ബി.എസ്.സി ഒന്നാം വർഷ വിദ്യാർഥിനിയാണ്. മൊബൈലി​ൽ കണ്ണുനട്ടി​രുന്ന് സമയം പാഴാക്കുന്ന വി​ദ്യാർത്ഥി​കൾ കണ്ടുപഠി​ക്കേണ്ടതാണ് ഈ പെൺ​കുട്ടി​കളുടെ പ്രവർത്തന രീതി​.

ചിത്രകലയിൽ വാസനയുള്ള ഇരുവരും കുപ്പികളിൽ പേപ്പറുകൾ കൊണ്ട് പൂക്കൾ ഉണ്ടാക്കി അതിൽ വ്യത്യസ്ത നിറക്കൂട്ടുകൾ നൽകി കളർ നൂലുകളും കയറും കൊണ്ട് ചുറ്റി അലങ്കാര വസ്തുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര വസ്തുക്കൾ ഇങ്ങനെ നി​ർമി​ച്ചെടുക്കാൻ നി​മി​ഷ നേരം മതി​.

ഇതിനോടകം തന്നെ ചുവരുകളെ മനോഹരങ്ങളാക്കുന്ന രണ്ട് ഡസനിലധകം അലങ്കാര സാധനങ്ങൾ ഇവർ ഉണ്ടാക്കി കഴിഞ്ഞു.

ഇത് ആദ്യമായല്ല സഹോദരികൾ ചിത്രകലയിൽ മികവ് തെളിയിക്കുന്നത്. ചിത്രരചനയിൽ സംസ്ഥാന കലോത്സവത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട് അനഘ. ആര്യയാകട്ടെ ജില്ലാതല മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.

അച്ഛൻ അനിൽകുമാറും അമ്മ അജിതയും മക്കളുടെ കരകൗശല വി​രുതി​ന് പൂർണ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.