ചെങ്ങന്നൂർ: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് മറ്റൊരു യുവതിയുമായുള്ള പ്രണയ നൈരാശ്യം മൂലം തൂങ്ങിമരിച്ചു. വിവരമറിഞ്ഞ് ആറ്റിൽചാടിയ കാമുകിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷന് സമീപം പ്ലാവേലിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മാന്നാനം സ്വദേശി കണ്ണാലപറമ്പിൽ സന്തോഷിന്റെ മകൻ അഖിൽ (29) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ അഖിൽ ഒരുവർഷമായി സമീപവാസിയായ കോട്ടയം മണിമല സ്വദേശിനിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പലതവണ വീട്ടുകാർ രണ്ടുപേരെയും താക്കീത് ചെയ്‌തെങ്കിലും പ്രണയബന്ധം തുടരുകയായിരുന്നു. അഖിലിന്റെ ഭാര്യ പെരിങ്ങാല സ്വദേശിനി പാർവതിയുടെ പരാതിയെതുടർന്ന് രണ്ടുപേരെയും ഇന്നലെ രാവിലെ ചെങ്ങന്നൂർ സി ഐ ഓഫീസിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. തിരികെ വീട്ടിലെത്തിയ അഖിൽ ഉച്ചയ്ക്കുശേഷം വീടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ യുവതി മംഗലം മിത്രപുഴ പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയെങ്കിലും ഇതുകണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.