ആലപ്പുഴ: പരീക്ഷാച്ചൂടിൽ നിന്ന് വേനലവധിയിലേക്കിറങ്ങുന്ന കുട്ടിക്കൂട്ടത്തിന്റെ മനസിൽ പെയ്യുന്ന കുളിർമഴയായിരുന്നു അവധിക്കാല കളരികൾ. ആട്ടവും പാട്ടും കളികളുമായി അവർ തകർത്താസ്വദിക്കുന്ന നല്ലകാലമാണ് ഇത്തവണ കൊവിഡ് ഭീതിയിൽ നഷ്ടമായത്. രണ്ടാഴ്ച മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന വിവിധ ക്യാമ്പുകളാണ് എല്ലാ വേനലവധിക്കാലത്തും ജില്ലയിലങ്ങോളമിങ്ങോളം നടന്നിരുന്നത്.
കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച കുരുന്നുകൂട്ടം മുതൽ മഞ്ചാടിക്കൂട്ടം, കുട്ടിക്കൂട്ടം, മാമ്പഴക്കൂട്ടം, വേനൽക്കൂട്ടം, കളിയരങ്ങ്, കളിവീട് എന്നിങ്ങനെ നീളും ചെറുതും വലുതുമായ കളരികളുടെ ലിസ്റ്റ്. ഇത്തവണ എല്ലാവരും 'ലോക്കാ"യതോടെ കുട്ടികളെ ഉഷാറാക്കാൻ വേനൽക്കാല കളരി പാക്കേജ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയതാണ് ഏക ആശ്വാസം
അച്ഛനമ്മമാർക്കൊപ്പം കുടുതൽ സമയം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചതാണ് ലോക്ക് ഡൗൺകാലം നൽകിയ ഗുണം. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മടിയിലിരുന്ന് കഥകളും പഴഞ്ചൊല്ലുകളും കേൾക്കുന്ന ശീലത്തിലേക്ക് മടങ്ങാൻ പുതുതലമുറയിലെ ചെറിയ പങ്ക് കുട്ടികൾക്കെങ്കിലും സാധിച്ചു.
പ്രകൃതിയെ തൊട്ടറിഞ്ഞ്
കുട്ടികൾക്ക് പഠനത്തെക്കാളുപരി അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടങ്ങളായിരുന്നു പരിശീലനക്കളരികൾ. വീടിന്റെയും ക്ലാസ് മുറികളുടെയും ഇടയിൽ നിന്ന് പച്ചപ്പിലേക്ക് അവരെ കൊണ്ടുവരാനുള്ള അവസരം. മാവിൻ ചുവട്ടിലിരുന്ന് ഞാവൽപ്പഴവും, മാമ്പഴവുമൊക്കെ നുണഞ്ഞ്, ചൂരൽപ്പഴത്തെയും പൂച്ചപ്പഴത്തെയുമൊക്കെ പാട്ടിലൂടെയും കളികളിലൂടെയും പരിചയപ്പെടുന്ന നിമിഷങ്ങൾക്ക് പകരമാകാൻ ഒരു ഓൺലൈൻ പരിശീലനത്തിനും കഴിയില്ല.
അവധിക്കാല കളരികളിൽ
ചിത്രകല, കഥ, കവിത, നാടകം, ചർച്ചകൾ, നാടൻ പാട്ട്, വ്യക്തിത്വപരിശീലനം, ആയോധനകലകൾ, കരകൗശലനിർമ്മാണം തുടങ്ങി വിവിധയിനങ്ങളിൽ പരിശീലനം
അക്ഷരവൃക്ഷം
കുട്ടികളുടെ സർഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പാക്കേജാണ് അക്ഷരവൃക്ഷം. കുട്ടികൾ എഴുതിയ,മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കഥ, കവിത, ലേഖനം എന്നിവ അദ്ധ്യാപകർക്ക് സ്കൂൾവിക്കിയിൽ അപ് ലോഡ് ചെയ്യാം. വിദ്യാർത്ഥികളുടെ രചനകൾ ശേഖരിക്കുന്ന തിരക്കിലാണ് അദ്ധ്യാപകർ ഇപ്പോൾ.
............................
കുട്ടികൾക്ക് വീട്ടിലിരുന്ന് പാടാൻ കവി പുന്നപ്ര ജ്യോതികുമാർ രചിച്ച
'ചെല്ലം' എന്ന കവിത
ഉള്ളുര കേട്ടൊരുമ്മ കൊട്
ഉമ്മ കൊളുത്തിയ മുകിലുകൊട്
അടിമുടി പൂത്തൊരു വാക്കു കൊട്
പൊരുളിലയിട്ടൊരു സദ്യ കൊട്
ഇടതടവില്ലാതറിവ് കൊട്
വരിയിടറാത്തൊരു കവിത കൊട്
കുളിരല കൊണ്ടൊരു പാട്ട് കൊട്
ഇഴ മുറിയാത്തൊരു കൂട്ട് കൊട്
ചിരിയുടെ ചെപ്പ് തുറന്ന് കൊട്
മുത്തു കൊരുത്തൊരു മാല കൊട്
കോടിയണിഞ്ഞ മനസ്സ് കൊട്
നേരു നിരന്ന കിനാവ് കൊട്
വെറ്റില വച്ചൊരു തുട്ട് കൊട്
നെറ്റിയിലൊരു കുറി തൊട്ടു കൊട്
നിറപറ കൊണ്ടൊരു നാട് കൊട്
ജീവിത വട്ടം തീർത്ത് കൊട്.
..........................................
''കുട്ടികളെ തനി അറിവിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള മികച്ച അവസരമാണ് വേനൽക്കാല കളരികൾ. ഇത്തവണ കളരികൾ നടക്കാത്തത് കുട്ടികൾക്ക് വലിയ നഷ്ടമാണ്.'' - പുന്നപ്ര ജ്യോതികുമാർ - കവി, അദ്ധ്യാപകൻ
........................