ആലപ്പുഴ : ലോക്ക് ഡൗൺ കാലയളവിൽ തെരുവു നായ്ക്കളുടെ വിശപ്പിന്റെ വിളി കേൾക്കുകയാണ് സാമൂഹ്യ പ്രവർത്തകരായ പ്രീതി, അശ്വതി, നിഖിത എന്നീ മൂന്ന് വനിതകൾ. തെരുവുനായ്ക്കൾക്കുള്ള ഭക്ഷണവുമായി അവരവരുടെ വീടുകളിൽ നിന്ന് ഇറങ്ങുന്ന ഇവർ, വഴിയിൽ കാണുന്ന നായ്ക്കൾക്കെല്ലാം ഭക്ഷണം നൽകിയശേഷം ഉച്ചയോടെ ആലപ്പുഴ ബീച്ചിൽ ഒത്തു ചേരും. ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതൽ ഇതുവരെ മുടങ്ങാതെ ഈ പ്രവൃത്തി തുടരുന്നു.
സന്നദ്ധ പ്രവർത്തനത്തിലെ സജീവ സാന്നിദ്ധ്യമാണ് വ്യത്യസ്തപ്രദേശങ്ങളിൽ താമസിക്കുന്ന മൂവരെയും കൂട്ടിയിണക്കിയത്. ലോക്ക് ഡൗണിൽ വഴികളെല്ലാം വിജനമായതോടെ നായ്ക്കളുടെ കാര്യം അവതാളത്തിലാകുമെന്ന് മനസിലാക്കി ഇവയ്ക്ക്ഭക്ഷണം നൽകാൻ മൂവരും മുന്നിട്ടിറങ്ങുകയായിരുന്നു. ചെറുപ്പം മുതൽനായ്ക്കളോടുള്ള ഇഷ്ടമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രീതി പറയുന്നു. വീടിന് സമീപത്തെ നായ്ക്കൾക്ക് എന്നും ഭക്ഷണം നൽകാറുണ്ട്. ഇത് എന്തുകൊണ്ട് വ്യാപിപ്പിച്ചുകൂടാ എന്ന സുഹൃത്തായ നിഖിതയുടെ പിതാവ് വിശ്വനാഥന്റെ ചോദ്യമാണ് മൂവരെയും ഇങ്ങനെയൊരു ദൗത്യവുമായി മുന്നിട്ടറങ്ങാൻ പ്രേരിപ്പിച്ചത്. ബ്യൂട്ടിഷ്യനായ പ്രീതി കോൺഗ്രസ് നോർത്ത് ബ്ളോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ജേക്കബിന്റെ ഭാര്യയാണ്. കളർകോട് സ്വദേശിനിയാണ് വീട്ടമ്മയായ അശ്വതി. ഡിഗ്രി കോഴ്സ് പൂർത്തിയാക്കി നിൽക്കുകയാണ് ബീച്ച് വാർഡ് സ്വദേശിനിയായ നിഖിത.
കളിയാക്കലും കുത്തുവാക്കും!
നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണത്തിനും തങ്ങൾ ഇരയായെന്ന് ഇവർ പറയുന്നു. പേര് നേടാൻ വേണ്ടി ചെയ്യുന്ന പ്രവൃത്തിയായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ ചിലരുടെ ആക്ഷേപം. ഇത് ഏറെ വേദനിപ്പിച്ചു. മൂവർക്കും പിന്തുണയുമായി പൊലീസ് വനിതാ സെൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ലോക്ക് ഡൗണിനിടെ ഭക്ഷണവുമായി കിലോമീറ്ററുകൾ യാത്ര ചെയ്യുന്ന തങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ വലിയ പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.