അമ്പലപ്പുഴ :തുണയ്ക്ക് ആരുമില്ലാതെ, ഇരുപതു ദിവസത്തോളമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. എറണാകുളം എളമ്പാറ സ്വദേശി സക്കറിയ (77) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

തെരുവിൽ അലഞ്ഞു നടന്ന സക്കറിയയെ വാർദ്ധക്യ സഹജമായ അസുഖം മൂലം ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

35 വർഷം മുമ്പ്‌ കുടുംബത്തെ ഉപേക്ഷിച്ച്‌ നാടുവിട്ട സക്കറിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം യു. എം. കബീർ, പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവരുമായിരുന്നു ചികിത്സാ കാലത്ത് സക്കറിയക്ക് തുണയായുണ്ടായിരുന്നത്‌. വീട്ടിൽ തിരികെ പോകണമെന്ന ആഗ്രഹം സക്കറിയ ഇവരോട് പ്രകടിപ്പിച്ചിരുന്നു.

മരണ ശേഷം പൊലീസ് സഹായത്തോടെയാണു സക്കറിയയുടെ ബന്ധുക്കളെ കണ്ടെത്തിയത്. മകൻ പൗലോസും,ബന്ധുവും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി.