ആലപ്പുഴ: ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമേ ഹൗസ് ബോട്ടുകളിൽ ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്ന ആവശ്യവുമായി ഗവേഷകൻ രംഗത്ത്. ഹൗസ് ബോട്ടിൽ തുടർച്ചയായ ദിവസങ്ങളിൽ കൂടുതൽപ്പേർ താമസിക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകൻ ഡോ.ജി.നാഗേന്ദ്രപ്രഭുവാണ് വിശദീകരിക്കുന്നത്. വൈറസുകൾക്ക് ജലത്തിൽ നിലനിൽക്കാനാവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.ബോട്ടുകളിലെ അടുക്കളയിൽ നിന്നും വാഷ് ബേസിനുകളിൽ നിന്നും ജലം നേരെ കായലിലാണ് പതിക്കുന്നത്. നിരീക്ഷണത്തിലുള്ളവ‌ർക്ക് രോഗമില്ലെങ്കിൽ പോലും രോഗ വാഹകരാകുവാൻ സാദ്ധ്യതയുണ്ട്. ഇവർ വെള്ളത്തിലേക്ക് തുപ്പുകയോ മൂക്കുചീറ്റുകയോ ചെയ്താൽ വലിയ തോതിൽ രോഗവ്യാപനമുണ്ടാകാം. മൃഗങ്ങളിൽ സ്ഥിരീകരിച്ച കൊവിഡ്19 ജലജീവികളിലേക്കും വ്യാപിക്കാം. പ്രവാസികളെ നിരീക്ഷണത്തിനായി ഹൗസ് ബോട്ടുകളിലേക്ക് മാറ്റുന്നതിന് മുമ്പ് ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് ഡോ.ജി.നാഗേന്ദ്രപ്രഭു ചൂണ്ടിക്കാട്ടി.