ചേർത്തല : സാമൂഹിക അകലം തുടരാൻ 'കുട നിവർത്തി" തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്. വെയിലത്തും മഴയത്തും എല്ലാവരും കുട ചൂടി നട
ക്കുന്നതിനായി പതിനായിരം കുടകളാണ് പഞ്ചായത്തിൽ വിതരണം ചെയ്യുക. 200 രൂപ വിലവരുന്ന കുടകൾ സ്പോൺസർഷിപ്പിലൂടെ കുറഞ്ഞ തുകയ്ക്ക് പാവപ്പെട്ടവർക്ക് നൽകും. മറ്റുള്ളവർക്ക് 200 രൂപയ്ക്കാകും കുട നൽകുക. കുട ചൂടുന്നതിലൂടെ ആളുകൾ തമ്മിൽ അകലം പാലിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടു വന്നത്.
കൊവിഡ് 19 ആരംഭിച്ചപ്പോൾ തന്നെ തൂവാല വിപ്ലവത്തിലൂടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി പഞ്ചായത്ത് ശ്രദ്ധേയമായിരുന്നു. ആറായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്കും രണ്ടായിരത്തോളം തൊഴിലുറപ്പ് അംഗങ്ങൾക്കും ഉൾപ്പെടെ പതിനായിരത്തോളം പേർക്കാണ് ബ്രേക്ക് ദി ചെയിൻ കുട വിതരണം ചെയ്യുന്നത്. കുടയോടൊപ്പം രണ്ട് മാസ്‌ക്കുകളും സൗജന്യമായി നൽകും.കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുളള മാരിമാർക്കറ്റിംഗ് വിഭാഗമാണ് കുടയൊരുക്കുന്നത്.പഞ്ചായത്തിലെ തന്നെ ആറ് യൂണിറ്റുകളാണ് ഒരു ലക്ഷത്തോളം മാസ്‌ക്കുകളും തയ്യാറാക്കുന്നത്.
തണ്ണീർമുക്കത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുളളതിനാൽ കലവൂർ കെ.എസ്.ഡി.പി യിൽ നടന്ന ചടങ്ങിലാണ് മന്ത്റി എ.സി മൊയ്തീൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.ചടങ്ങിൽപങ്കെടുത്ത ആരോഗ്യ പ്രവർത്തകർക്കും കുടുംബശ്രീ ഭാരവാഹികൾക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും കുടകൾ വിതരണം ചെയ്തു. മന്ത്റി ഡോ.തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി.മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,സി.ഡി.എസ് പ്രസിഡന്റ്,മെഡിക്കൽ ഓഫീസർ,പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് സ്വാഗതം പറഞ്ഞു.കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ നടത്തുന്ന തണ്ണീർമുക്കം പഞ്ചായത്തിനെ മന്ത്റിമാരായ എ.സി. മൊയ്തീനും തോമസ് ഐസക്കും അഭിനന്ദിച്ചു.