ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സാലറി ചലഞ്ച് ഇല്ലെന്ന് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കേന്ദ്രത്തിൽ നിന്ന് ന്യായമായി കിട്ടേണ്ടതിന്റെ പകുതി പോലും കിട്ടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സർക്കാർ വരുമാനം പൂജ്യമാണെന്നും ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആറ് ദിവസത്തെ വേതനമാണ് സർക്കാർ ദുരിതാശ്വസ നിധിയിലേക്ക് മാറ്റുന്നത്.യാതൊരു വരുമാനവും ഇല്ലാത്ത, 80 ശതമാനത്തോളം വരുന്ന സാധാരണക്കാർക്ക് വേണ്ടി ചെലവഴിക്കാനാണ് ഈ തുക. സാലറി ചലഞ്ചിനെതിരെ ഒരു വിഭാഗം നിലപാട് സ്വീകരിച്ചതിനാലാണ് ഇങ്ങനെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ തീരുമാനിച്ചതെന്നും ഐസക് പറഞ്ഞു.