ഹരിപ്പാട്: പതിമൂന്നു വയസുകാരനെ ചികിത്സയ്ക്കായി അഗ്നി രക്ഷാസേന ആർ.സി.സിയിൽ എത്തിച്ചു . ഒന്നരവർഷമായി തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിൽ കഴിയുന്ന കാർത്തികപ്പള്ളി സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയുടെ സഹായം ലഭ്യമായത്. ലോക്ക് ഡൗണിനെ തുടർന്ന് ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചികിത്സയ്ക്കായി ആർ.സി.സിയി​ലേക്ക് മാറ്റണമെന്ന ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ദേവനന്ദന്റെ മാതാപിതാക്കൾ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി. വി. കൈപ്പള്ളിയെ സമീപിച്ചു. ഇദ്ദേഹമാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ദേവനന്ദനെ ആർ.സി.സിയിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു. ഹരിപ്പാട് അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ശരത് ചന്ദ്രൻ ഡ്രൈവർ ബിജുമോൻ എന്നിവർ ചേർന്നാണ് കുട്ടിയെ ആർ.സി.സിയി ൽ എത്തിച്ചത്.