ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി അധികം താമസിയാതെ സാനിട്ടൈസർ വാച്ചുകൾ വിപണിയിലിറക്കും. സാധാരണ വാച്ചുപോലെ കൈയ്യിൽ കെട്ടാം. ആവശ്യമുള്ളപ്പോൾ കീ ബട്ടൺ അമർത്തിയാൽ കൈയിലേയ്ക്ക് സാനിട്ടൈസർ സ്പ്രേ ചെയ്യും. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ ഡിവൈസസ് ഗവേഷണ കേന്ദ്രത്തിന്റേതാണ് ഈ കണ്ടുപിടുത്തം.
ആരോഗ്യവകുപ്പ് അംഗീകാരം നൽകിയാൽ പദ്ധതിക്ക് തുടക്കമാവും. പ്രാരംഭ ചർച്ചകൾ നടന്നതായും മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മാസ്ക് നിർമ്മാണരംഗത്തേക്കും കെ.എസ്.ഡി.പി കടക്കുകയാണ്. മൂന്ന് പ്ലൈ മാസ്‌ക് നിർമ്മാണത്തിന് ഒരുകോടി രൂപയുടെ ആട്ടോമാറ്റിക്ക് യന്ത്റത്തിന് ഓർഡർ നൽകി.. ഇപ്പോൾ കുടുംബശ്രീ തൊഴിൽ യൂണിറ്റുകൾ വഴിയാണ് മാസ്‌ക് തയ്ക്കുന്നത്. 50 എണ്ണമുള്ള പാക്കിന് 450 രൂപയാണ് ഹോൾസെയിൽ വില. കേന്ദ്രസർക്കാർ ഇത്തരം മാസ്‌കുകൾക്ക് പരമാവധി വില ഒരെണ്ണത്തിന് 16 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. കെ.എസ്.ഡി.പി മാസ്‌കിന് 9 രൂപയേയുള്ളൂ.
സാനിട്ടൈസറിന്റെ ഉത്പ്പാദനം ഇപ്പോൾ പൂർണ്ണശേഷിയിലാണ്. ഇതിനകം 15 ലക്ഷം ബോട്ടിൽ സാനിട്ടൈസർ ഉൽപ്പാദിപ്പിച്ചു .
ലോകാരോഗ്യ സംഘടന സാനിട്ടൈസറിന് പ്രത്യക നിറം ഒന്നും നിഷ്‌കർഷിക്കുന്നില്ല. ആദ്യം കെ.എസ്.ഡി.പി വിപണിയിൽ എത്തിച്ച സാനിട്ടൈസർ നിറമില്ലാത്തതായിരുന്നു. ഈ കുപ്പികൾ വ്യാജമദ്യ വിതരണത്തിന് ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ടോയെന്ന് എക്‌സൈസിന് സംശയം തോന്നിയതിനാൽ, ഡ്രഗ്സ് കൺട്രോളറുടെ അനുവാദത്തോടെ ഇപ്പോൾ പിങ്ക് കളർ ചേർത്താണ് വിതരണം.