ചേർത്തല : ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തിൽ ജീവിച്ചിരുന്ന അരീപ്പറമ്പ് വെളിമ്പറമ്പിൽ വീട്ടിൽ ലീലാമ്മക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്റർ നൽകി.
ദീർഘകാലം സൾഫർ കമ്പിനിയിലെ ജോലിക്കാരിയായിരുന്ന ലീലാമ്മ കടുത്ത ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇരു ശ്വാസകോശങ്ങളും ചുരുങ്ങി തകരാറിലായതിനെ തുടർന്ന് ഓക്‌സിജൻ സിലണ്ടറിന്റെ സഹായത്താലാണ് ശ്വസിച്ചിരുന്നത്.ആഴ്ചയിൽ മൂന്നു തവണയോളം സിലണ്ടർ മാറ്റി ഉപയോഗിക്കേണ്ടി വന്നിരുന്നു. യൂത്ത് കെയർ ഭക്ഷണ വിതരണത്തിനിടയിലാണ് ലീലാമ്മയുടെ ദുരവസ്ഥ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം എസ്.ശരതിന്റെ നേതൃത്വത്തിൽ ഇവർക്കായി പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്റർ നൽകുകയായിരുന്നു.
വിപണിയിൽ അരലക്ഷത്തോളം വിലവരുന്നതാണ് ഉപകരണം.യൂത്ത് കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മറ്റി നടത്തുന്ന മെഡി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി സുമനസ്സുകളുടെ സഹായത്തോടെയാണ് ഉപകരണം വാങ്ങി നൽകിയത് .നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി. വിമൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ കുറ്റിക്കാട്, രൂപേഷ് കെ.ആർ,ആർ.രവിപ്രസാദ്,അനന്തകൃഷ്ണൻ,ഗോപൻ,വിഷ്ണു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.