s

കറ്റാനം : യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം കുഴിവേലിത്തറയിൽ സതീശൻ (46) ആണ് വള്ളികുന്നം പൊലീസിന്റെ പിടിയിലായത്. സി.പി.എം അനുഭാവിയാണ് ഇയാളെന്ന് പറയപ്പെടുന്നു.വെട്ടാനുപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി കട്ടച്ചിറ ഭാഗത്തു നിന്ന് പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതിയെന്നു കരുതുന്ന മറ്റൊരാളും കസ്റ്റഡയിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇലിപ്പക്കുളം മങ്ങാരം ജംഗ്ഷന് സമീപം വച്ച് യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ സ്കൂട്ടർ തടഞ്ഞു നിറുത്തി മുഖംമൂടി സംഘം വെട്ടി പരിക്കേൽപ്പിച്ചത്. കഴുത്തിന് ഗുരുതര പരിക്കേറ്റ സുഹൈൽ ഹസൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൈലിന് ഒപ്പം സഞ്ചരിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെയായിരുന്നു മുഖം മൂടി സംഘം ആദ്യം വെട്ടിയത്. ഇക്ബാൽ ഒഴിഞ്ഞു മാറിയതിനാൽ സ്കൂട്ടറിന് പുറകിലിരുന്ന സുഹൈലിന് വെട്ടേൽക്കുകയായിരുന്നു.