ആലപ്പുഴ: ലോക്ക് ഡൗൺ കാലയളവിലെ ശമ്പളം ആവശ്യപ്പെട്ട് കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ സംയുക്ത യൂണിയനുകൾ ജില്ലാ ലേബർ ഓഫീസർക്കും മനേജ്‌മെന്റിനും നൽകിയ പരാതിയെ തടർന്ന് പരിഹാരമായി. മാർച്ച് 15ന് ശേഷം ഒരു വർക്ക് എങ്കിലും ഉള്ളവർക്കേ ലോക്ക് ഡൗൺ കാലത്തെ ശമ്പളം നൽകാൻ കഴിയുകയുള്ളൂവെന്നായിരുന്നു കേരള സ്റ്റേറ്റ് ടെക്സ്റ്റൈയിൽസ് കോർപ്പറേഷനും കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ മാനേജുമെന്റിന്റെ നിലപാട്. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് തൊഴിലാളി സംഘടനകൾ പരാതിയുമായി മാനേജ് മെന്റിനെ സമീപിച്ചതിനെ തുടർന്നാണ് മാർച്ച് മാസത്തിൽ ആറ് ദിവസം ജോലി ചെയ്ത മുഴുവൻ തൊഴിലാളികൾക്കും പൂർണ്ണ ശമ്പളം നൽകാൻ തീരുമാനിച്ചത്.
2019 സെപ്തംബർ ഒന്നുമുതൽ 2020ഫെബ്രുവരി 28വരെയുള്ള ദിവസത്തെ ഓരോ തൊഴിലാളിയുടെയും ഹാജർ കൂട്ടി ലഭിക്കുന്ന എണ്ണത്തിന്റെ ആറിലൊന്ന് ഹാജറിന്റെ വേതനം ഏപ്രിൽ മാസത്തെ ശമ്പളമായി തൊഴിലാളികൾക്ക് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിൽ ഇ.എസ്.ഐ അവധിയിൽ കഴിയുന്ന തൊഴിലാളികൾ കാലാവധി തീരുന്ന മുറക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സഹിതം മാനേജ്മെന്റിന് അപേക്ഷ നൽകിയാൽ തുടർന്നുള്ള ദിവസത്തെ വേതനത്തിന് പരിഗണിക്കും.
മറ്റേതെങ്കിലും തരത്തിൽ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപെട്ട രേഖകൾ സഹിതം ജനറൽ മാനേജർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവർന്ന് ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുവാൻ തീരുമാനം എടുക്കാമെന്ന് ഉറപ്പ് നൽകിയതായി സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.