ജില്ലയിൽ പൊലീസ് പരിശോധന കൂടുതൽ കർശനമാക്കി
വീണ്ടും പൊലീസ് റൂട്ട്മാർച്ച്
16 കേന്ദ്രങ്ങളിൽ 24മണിക്കൂർ പരിശോധന
ഡ്രോൺ പരിശോധന ശക്തമാക്കി
ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കി. ഒന്നിലധികം തവണ പൊലീസ് ബോധവത്കരണം നടത്തിയിട്ടും ആൾക്കൂട്ടം ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ജില്ലയിലെ പ്രധാനപെട്ട മത്സ്യ, പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഇന്നലെ പൊലീസ് റൂട്ട്മാർച്ച് നടത്തി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും കൂടുതൽ ശക്തമാക്കി.
എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തികൾ പങ്കിടുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളിൽ 24മണിക്കൂർ പരിശോധന ഏർപ്പെടുത്തി. ആലപ്പുഴ നഗരത്തിലെ പുലയൻവഴി മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ള ജില്ലയിലെ മാർക്കറ്റുകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ലംഘിച്ചാൽ ക്വാറന്റയിൻ
വരും ദിവസങ്ങളിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് കൊവിഡ് ക്വാറന്റയിനിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് നീക്കം. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ 23വരെ നടത്തിയ പരിശോധനകളിൽ 8126 കേസുകൾ രജിസ്റ്റർ ചെയ്തു. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് 9197 പേർ അറസ്റ്റിലായത്. കേസുകളിൽ 60ശതമാനത്തിൽ അധികവും വാഹനങ്ങൾ ഓടിച്ചവരാണ്. നിരോധനം ലംഘിച്ച് ഇരുചക്രവാഹനങ്ങൾ നിരത്തുകളിൽ തലങ്ങും വിലങ്ങുമായി ഓടുന്നത് പരിശോധനാ സംഘത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. താക്കീതുകൾ നൽകി വിട്ടയച്ച വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ലാ അതിർത്തി പങ്കിടുന്ന ചെങ്ങന്നൂർ ഡിവൈ എസ്.പിയുടെ പരിധിയിൽ എട്ട് കേന്ദ്രങ്ങളിലും ആലപ്പുഴയിലെ കിടങ്ങറയിലും കായകുളത്തെ കൃഷ്ണപുരം, കാപ്പിൽ, വീയപുരത്തും ചേർത്തലയിലെ ചാപ്പക്കടവ്, തണ്ണീർമുക്കം, അരൂർ, കുത്തിയതോട് എന്നിവിടങ്ങളിലുമാണ് പ്രത്യേക പരിശോധന നടത്തുന്നത്. ബാരിക്കേഡ് ഉപയോഗിച്ച് അതിർത്തി പങ്കിടുന്ന ഭാഗം പൂർണമായും അടച്ചു. ഒരു പൊലീസ് ഓഫീസറുടെ മേൽനോട്ടത്തിൽ ആറംഗ സംഘം 24മണിക്കൂറും പരിശോധന നടത്തുന്നു. സർക്കാർ ഉദ്യോഗസ്ഥരെയും ഭക്ഷ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങളെയും മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. സാധാരണക്കാർക്ക് അന്യജില്ലയിൽ പോകുന്നതിന് ജില്ലാ പൊലീസ് മേധാവി നൽകുന്ന പാസ് കൈവശം ഉള്ളവരെയും കടത്തി വിടുന്നുണ്ട്.
പൊലീസ് സേന റെഡി
ഓരോ സബ്ഡിബിഷന്റെ പരിധിയിലും സ്റ്റേഷനുകളിൽ പ്രിൻസിപ്പൽ എസ്.ഐമാർക്ക് പുറമേ 40മുതൽ 100 വരെ ഗ്രേഡ് എസ്.ഐമാരും ഉണ്ട്. ഇതിന് പുറമേ എ.ആർ ക്യാമ്പിലെയും പൊലീസ് അക്കാഡമിയിൽ പരിശീലനത്തിന് ഉൾപ്പെട്ട പൊലീസുകാരെയും വിവിധ പരിശോധനാ കേന്ദ്രങ്ങളിൽ നിയമിച്ചിട്ടുണ്ട്.
.........................
കേസുകൾ ഇങ്ങനെ
നിരോധനാജ്ഞാ ലംഘനം
മാസ്ക് ധരിക്കാതെ സഞ്ചരിച്ചവർ
സത്യവാങ്മൂലം എഴുതി സൂക്ഷിക്കാതെ സഞ്ചരിച്ചവർ
ചാരായ നിർമ്മാണത്തിൽ ഏർപ്പെട്ടവർ
അനുവാദം ഇല്ലാതെ കടകൾ തുറന്നവർ
നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റവർ
ചീട്ടുകളിയുമായി ബന്ധപ്പെട്ട ആൾക്കൂട്ടം
................................
ഡിവൈ എസ്.പി മാരുടെ പരിധിയിൽ 23വരെ നടത്തിയ പരിശോധന
ഡിവൈ എസ്.പി, സി.ഐ, എസ്.ഐ, പരിശോധനാ കേന്ദ്രം, കേസുകൾ, അറസ്റ്റ്
@ചെങ്ങന്നൂർ-08-16-3105-3450
@ചേർത്തല-09-09-13-2090-3142
@ആലപ്പുഴ-08-19-40-1042-1332
@കായംകുളം-06-05-09-1070-1243
.........................
8126
ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ 23വരെ
പരിശോധനകളിൽ 8126 കേസുകൾ
9197
പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് 9197 പേർ അറസ്റ്റിലായി
...............