ഹരിപ്പാട്: ലോക്ക് ഡൗൺ കാലത്തത്ത് സ്വന്തം വീട്ടിലെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ നിർമ്മാണമെന്ന വേറിട്ട പ്രവർത്തനത്തിലാണ് ആയാപറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. മൊബൈൽ കാമറ ഉപയോഗിച്ച് വീട്ടിലും പരിസരത്തുമുള്ള ജീവജാലങ്ങളുടെ ചിത്രങ്ങളെടുത്തശേഷം അവയുടെ പേരും മറ്റ് വിശദാംശങ്ങളും പുസ്തകങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാണ് രജിസ്റ്റർ തയ്യാറാക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ഗ്രാമപഞ്ചായത്തിലെ പരമാവധി ജീവജാലങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലമായ ഒരു ജൈവവൈവിദ്ധ്യരജിസ്റ്റർ തയാറാക്കി ഒരു ആധികാരിക റഫറൻസ് പുസ്തകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സമർപ്പിക്കുകയാണ് ലക്ഷ്യം. സ്കൂളിലെ ദേശീയ ഹരിതസേന ഇക്കോ ക്ലബ് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ചെറുതന ഗ്രാമ പഞ്ചായത്തിലെ താമസക്കാരായ എല്ലാ കുട്ടികൾക്കും ഇതിൽ പങ്കാളികളാകാം. ഏറ്റവും മികച്ച രജിസ്റ്റർ തയ്യാറാക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9446442231 എന്ന നമ്പരിൽ വാട്സ്ആപ് വഴി ബന്ധപ്പെടാം.