ഹരിപ്പാട് : സ്പ്രിംഗ്ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് നേരിയ സംഘർഷത്തിനു കാരണമായി. പ്രവീൺ, കെ. എസ് ഹരികൃഷ്ണൻ, വിഷ്ണു.ആർ.ഹരിപ്പാട്, വിഷ്ണു പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ നടത്തിയതെന്നും സി. ഐ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അസഭ്യം പറഞ്ഞന്നും പ്രവർത്തകർ പറഞ്ഞു. ധർണ നടക്കുമ്പോൾ സ്ഥലത്ത് എത്തിയ പൊലീസ് പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിനു മുൻപ് ധർണ നടത്തിയ ബി. ജെ. പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് ചോദ്യം ചെയ്‌തതാണ് നേരിയ വാക്കുതർക്കത്തിൽ കലാശിച്ചത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി. ജെ. പി പ്രവർത്തകർ പൊലീസ് എത്തുന്നതിനു മുൻപ് ധർണ അവസാനിപ്പിച്ചെന്നും അതിനാൽ അറസ്റ്റ് ചെയ്‌തില്ലെന്നും ഇവർക്ക് എതിരെ കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു.