അമ്പലപ്പുഴ :കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരടക്കം നാലു പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം കമ്പി വളപ്പ് വീട്ടിൽ സൈനുലാബ്ദീന്റെ മകൻ ഷമ്മാസ് (38) ,ഓട്ടോ യാത്രക്കാരനും വർക്ക്ഷോപ്പ് ജീവനക്കാരനുമായ കാക്കാഴം ശ്രീ ഗണേശത്തിൽ രവീന്ദ്രന്റെ മകൻ പ്രവീൺ (55), ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്പലപ്പുഴ കെ. എസ് .ഇ .ബി സെക്ഷനിലെ ജീവനക്കാരായാ കാക്കാഴം ഇണ്ടം കരിവീട്ടിൽ ഗോപാലകൃഷ്ണൻ (53), ആലപ്പുഴ കൊമ്മാടി വാർഡിൽ നാല് തൈക്കൽ വീട്ടിൽ ആന്റണി (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് 11.30 ഓടെ ദേശീയ പാതയിൽ കാക്കാഴം മേൽപ്പാലത്തിന് വടക്കുഭാഗത്തായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും ഹരിപ്പാട്‌ ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് , എതിരെവന്ന ഓട്ടോറിക്ഷയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.