cash

ആലപ്പുഴ: മുംബയിൽ താമസമാക്കിയ ആലപ്പുഴ എടത്വ തലവടി സ്വദേശി ജോർജ് വർഗീസ് വിളിക്കുന്നവരോടെല്ലാം ആണയിട്ട് പറയുകയാണ് -' ആ കോടീശ്വരൻ ഞാനല്ല' എന്നെ വെറുതേ വിട്ടേക്കൂ'. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ ജോർജ് വർഗീസിന് ഏഴരക്കോടിയുടെ ലോട്ടറി അടിച്ചെന്നും ടിക്കറ്റ് നഷ്ടപ്പെട്ടതിനാൽ തുക കിട്ടില്ലെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.

ഒറ്റദിവസം കൊണ്ട് സോഷ്യൽമീഡിയ 'വേദനിക്കുന്ന കോടീശ്വരനാക്കിയ ' ജോർജ് വർഗീസ് തന്നെ സത്യാവസ്ഥ കേരള കൗമുദിയോട് പറയുന്നു:

'കഴിഞ്ഞമാസം ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോയ ജോർജ് ദോഹയിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് രണ്ട് കുപ്പി സ്കോച്ച് വാങ്ങിയിരുന്നു. കുപ്പിക്കൊപ്പം ബില്ലും ചില പേപ്പറുകളും കിട്ടി. ഇതിലൊന്ന് സമ്മാനക്കൂപ്പണായിരുന്നു. തിരിച്ച് മുംബയിലെ വീട്ടിലെത്തിയ ശേഷം കൂപ്പണും പേപ്പറുകളും കീറിക്കളഞ്ഞു. കഴിഞ്ഞ ഏപ്രിൽ 20 ന് ദുബായിൽ നിന്ന് വിളിച്ച സുഹൃത്താണ് തനിക്ക് ഏഴരക്കോടിയുടെ ലോട്ടറി അടിച്ചെന്നും സമ്മാനത്തുക കിട്ടാൻ പാ‌സ്‌പോർട്ടിന്റെ കോപ്പിയും സമ്മാനക്കൂപ്പണും അയച്ചുകൊടുക്കണമെന്നും അറിയിച്ചത്. ആദ്യം വലിയ സന്തോഷം തോന്നിയെങ്കിലും കൂപ്പൺ കീറിക്കളഞ്ഞ കാര്യം അപ്പോഴാണ് ഓർത്തത്.

ഇതോടെ താനെ ജില്ലയിലെ ബൈന്ദറിലുള്ള ജോർജിന്റെ വീട്ടിൽ എല്ലാവരും നിരാശരായി. ഭാര്യ അന്നമ്മയും മക്കളായ സേബയും സെബിനും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജോർജിന് വിഷമം അടക്കാനായില്ല. എങ്കിലും അവസാന ശ്രമമെന്നോണം സമ്മാനത്തുക കൈപ്പറ്റാൻ പാസ്‌പോർട്ടിന്റെ കോപ്പി അയച്ചുകൊടുത്തപ്പോഴാണ് ശരിക്കുള്ള ഭാഗ്യശാലി മറ്റാരോ ആണെന്ന് അറിയുന്നത് !

സമ്മാനാർഹമായ പാസ്‌പോർട്ട് നമ്പർ മറ്റൊന്നായിരുന്നു. ജോർജ് വർഗീസിന്റെ പാസ്‌പോർട്ട് നമ്പർ യു എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ്. എന്നാൽ സമ്മാനം ലഭിച്ച പാസ്‌പോർട്ടിന്റെ നമ്പർ തുടങ്ങുന്നത് എൽ എന്ന അക്ഷരത്തിലും. നമ്പരുകളിലും വ്യത്യാസമുണ്ട്. പേരും വീട്ടുപേരും മാത്രമാണ് ഒന്ന്. ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ദുബായിലുള്ള സുഹൃത്തുക്കൾ. 25 വർഷമായി കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രാഫ്ട്സ്‌മാനായി ജോലി ചെയ്യുകയാണ് ജോർജ്. യഥാർത്ഥ ഭാഗ്യശാലിയെ അധികൃതർക്ക് ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.