photo

ആലപ്പുഴ: എക്സൈസ് സംഘം പുന്നപ്രയിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോടയും ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ പിടികൂടി. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റിക്കൊണ്ടിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വാടയ്ക്കൽ കല്ലുപുരക്കൽ വീട്ടിൽ ശ്രീനാഥ് ആണ് പിടിയിലായത്. പറവൂർ കല്ലുപുരക്കൽ വീട്ടിൽ സുനിലാണ് ഓടി രക്ഷപ്പെട്ടത്. അറസ്റ്റിലായ ശ്രീനാഥിനെ കോടതിയിൽ ഹാജരാക്കി. റേഞ്ച് ഇൻസ്പെക്ടർ വിജെ റോയിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 100 ലിറ്റർ കോടയും, 30 ലിറ്റർ സ്‌പെൻഡ് വാഷും, 350 മില്ലി ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഫാറൂഖ് അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വിജയകുമാർ, അനിൽകുമാർ, സുജാസ്, ഷെഫീക്ക്, ദിലീഷ്, വർഗീസ് പയസ്, ഗോപി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.