അമ്പലപ്പുഴ: സാലറി കട്ടിൽ നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിനെതിരെ കേരള ഗവ. നഴ്സസ് യൂണിയൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികളായ കെ. ഡി. മേരി, സന്തോഷ്.കെ.എസ്, ആശ.എൽ എന്നിവർ അറിയിച്ചു. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സാലറി പിടിയ്ക്കരുത് എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിഗണിക്കാതെയാണ് സംസ്ഥാന സർക്കാർ സാലറി കട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. കോവിഡ് വൈറസിനെതിരെ ഊണും ഉറക്കവും, കുടുംബവും ഉപേക്ഷിച്ച് പ്രവർത്തിക്കുന്ന നഴ്സുമാർ നേരിട്ട ഇരുട്ടടിയാണ് സാലറി കട്ട്. ഇത് നഴ്സുമാരുടെ ആത്മവീര്യം തകർക്കുമെന്നും ഇവർ പറഞ്ഞു.