ആലപ്പുഴ: ജനങ്ങളുടെ സ്വകാര്യത വിറ്റു ജീവിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിച്ചെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ആരോപിച്ചു. സ്‌പ്രിൻക്ളർ കരാർ റദ്ദ് ചെയ്യുക, കുറ്റക്കാരെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. സംഘടിപ്പിച്ച ജനകീയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ പ്രസ് ക്ലബിന് സമീപം നടന്ന ജില്ലാതല സമരത്തിൽ ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെൽ കോ ഓഡിനേറ്റർ ജി.വിനോദ് കുമാർ, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അനീഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ എടത്വയിലും, ഡി.അശ്വനീദേവ് കായംകുളത്തും, ദേശീയ സമിതി അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ ചേർത്തലയിലും, കെ.എസ്.രാജൻ മുണ്ടൻകാവിലും ,ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ അമ്പലപ്പുഴയിലും, മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ചെങ്ങന്നൂർ ടൗണിലും ജനകീയ സമരം ഉദ്ഘാടനം ചെയ്തു.