മാവേലിക്കര: കേരളമാകെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലും സാമൂഹ്യ സുരക്ഷാപ്രവർത്തനങ്ങളിലും മുഴുകിയിരിക്കുമ്പോൾ സ്പ്രിൻക്ലർ സി.ഇ.ഒ രാജിതോമസിന്റെ വീടിനു മുന്നിൽ ബി.ജെ.പി നടത്തിയ സമരം അധാർമ്മികവും അന്യായവുമാണെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. രാജിതോമസിന്റെ വയോധികരായ മാതാപിതാക്കളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തിയ സമരം ബി.ജെ.പിയുടെ ജനവിരുദ്ധ നിലപാടാണ് തെളിയിക്കുന്നത്.

സ്വന്തം നാട്ടുകാരനായ രാജിയെയും അദ്ദേഹത്തിന്റെ പിതാവ് അദ്ധ്യാപക ശ്രേഷ്ഠനായ പ്രൊഫ.കെ.ടി തോമസിനെയും തിരിച്ചറിയാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ അടിസ്ഥാന രഹിത ആരോപണം പിന്തുടർന്ന് ബി.ജെ.പി നടത്തിയ സമരം കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ചങ്ങാത്തമാണ് കാണിക്കുന്നത്. ബി.ജെ.പിയുടെ സമരത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഉപരോധ സമരം നടത്തിയ കേസിൽ പ്രതികളായ മുഴുവനാളുകൾക്കുമെതിരെ അടിയന്തിരമായി നിയമടപടികൾ സ്വീകരിക്കണമെന്നും കമ്മി​റ്റി​ ആവശ്യപ്പെട്ടു.