ചേർത്തല:എറണാകുളത്തുനിന്നും കാൽനടയായി തിരുനെൽവേലിയിലേക്കു തിരിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കി.ഇന്നലെ ഉച്ചക്ക് തഹസിൽദാർ ആർ.ഉഷയുടെ നേതൃത്വത്തിലുള്ള റവന്യുസംഘമാണ് കണിച്ചുകുളങ്ങര കവലക്ക് വടക്ക് വശം സംഘത്തെ കണ്ടത്.ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് തിരുനെൽവേലിയിലേക്ക് നടക്കുകയാണെന്നറിഞ്ഞത്.ഉടൻ മാരാരിക്കുളം പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചു.ഇവർക്ക് ഭക്ഷണം നൽകി വിവര ശേഖരണം നടത്തിയശേഷം ആംബുലൻസിൽ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവരുടെ സ്രവം പരിശോധനക്കെടുത്തശേഷം സർവോദയപുരത്തെ കേന്ദ്രത്തിലേക്ക് നിരീക്ഷണത്തിനായി മാ​റ്റി.നാലുപേരും എറണാകുളത്ത് കൂലിത്തൊഴിലുകൾ ചെയ്തു കഴിയുന്നവരാണ്.നാട്ടിലേക്കെത്താനുള്ള ആഗ്രഹത്തിലാണ് നടന്നുപോകാൻ തീരുമാനിച്ചതെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയത്.