കായംകുളം: സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗ്രന്ഥകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ ഓർമ്മയ്ക്കായി അു്ദേഹത്തിന്റെ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ 2020 ലെ പുരസ്കാരം മന്ത്രി ജി.സുധാകരന് സമ്മാനിക്കും.
പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്കായി 2011 മുതൽ ഏർപ്പെടുത്തിയതാണ് അവാർഡ്.
ട്രസ്റ്റ് അംഗങ്ങളായ ഷീലാ രാഹുലൻ, ശോഭാ സതീശൻ, ഷാജി ശർമ്മ, പവിത്രൻ വി എന്നിവരടങ്ങിയ ജൂറിയാണ് ജി.സുധാകരനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
അഴിമതിക്കെതിരായി ജി.സുധാകരൻ നടത്തിക്കൊണ്ടിരിക്കുന്ന കർക്കശമായ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. പുതുപ്പള്ളി രാഘവന്റെ ചരമ ദിനമായ ഏപ്രിൽ 27നാണ് എല്ലാ വർഷവും സമ്മാനിക്കുന്നത്. ഈ വർഷം കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ അവാർഡ്ദാനം പിന്നീട് നടക്കും.