tkmadhavan

സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ നായകനും സമുദായസംഘടാ നേതാവും പത്രാധിപരുമൊക്കെ ആയിരുന്ന ദേശാഭിമാനി ടി.കെ. മാധവന്റെ തൊണ്ണൂറാം ചരമ വാർഷിക ദിനം ഇന്ന്


ആറാം വയസിൽ കുരുത്ത പൗരാവകാശതൃഷ്ണ ജീവിതാവസാനംവരെ അണയാതെ സൂക്ഷിച്ച ധീരോദാത്തനായ സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ടി.കെ. മാധവൻ. നരിയിഞ്ചിൽ ആശാന്റെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു ആ വിപ്ലവജ്വാലയുടെ തുടക്കം. സവർണ കുട്ടികളെ വടികൊണ്ട് തൊട്ടടിക്കുന്ന ആശാൻ മ​റ്റു വിദ്യാർത്ഥികളെ വടി എറിഞ്ഞാണ് അടിച്ചിരുന്നത്. സന്തതസഹചാരിയായ ഗോവിന്ദനെ തൊട്ടടിച്ച നരിയിഞ്ചിൽ ആശാൻ തന്നെ എറിഞ്ഞടിച്ചപ്പോഴുണ്ടായ ധാർമ്മികരോഷം മാധവനിലെ അവകാശതൃഷ്ണ ജ്വലിപ്പിച്ചു. ആശാന്റെ 'എഴുത്തങ്ങ് എടുത്തോ, എന്റെ ഓലയിങ്ങ് തന്നേക്ക് 'എന്ന് കൊച്ചുധിക്കാരി ആശാനോട് ആക്രോശിച്ചു.

അതോടെ നരിയിഞ്ചിൽ ആശാന്റെ കളരിയോടു വിടപറഞ്ഞ് പിതാവിന്റെ തറവാടായ ആലുംമൂട്ടിൽ കുടുംബക്കാരുടെ ഇംഗ്ലീഷ് സ്‌കൂളിൽ തുടർപഠനം നടത്തിയെങ്കിലും ആ ദേശാഭിമാനിയുടെ വിപ്ലവവീര്യം ചാരംമൂടിയ കനലായി മനസിൽ കിടക്കുകയായിരുന്നു. ജാതീയമായ ദുരാചാരങ്ങൾക്കെതിരെ ഗുരുദേവസന്ദേശം ഏ​റ്റെടുത്ത് അടിപതറാത്ത പോരാട്ടമാണ് അദ്ദേഹം തിരുവിതാംകൂറിൽ കാഴ്ചവച്ചത്. സ്‌കൂൾ പ്രവേശനം, സഞ്ചാരസ്വാതന്ത്റ്യം, ക്ഷേത്രപ്രവേശനം തുടങ്ങി പൗരാവകാശ സമത്വസ്ഥാപന ചരിത്രത്തിലെ വീരേതിഹാസങ്ങളിലെല്ലാം തെളിഞ്ഞുനിൽക്കുന്നത് ടി.കെയുടെ കൈയൊപ്പാണ്.


ടി.കെ. മാധവന്റെ കാലഘട്ടം എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാകാലം എന്നാണറിയപ്പെടുന്നത്. ആരംഭകാലത്ത് നിവേദകസംഘമായി മാത്രം പ്രവർത്തിച്ചിരുന്ന യോഗത്തെ ബഹുജന സമരസംഘടനയാക്കിയത് അദ്ദേഹമാണ്. 1927 ജനുവരി ഒന്നിന് സംഘടനാ സെക്രട്ടറിയായി ചുമതലയേ​റ്റ ശേഷം നാലു മാസംകൊണ്ട് 50,684 പുതിയ അംഗങ്ങളെ ചേർത്ത് യോഗത്തിന്റെ ജനകീയാടിത്തറ വിപുലീകരിച്ചു.

സംഘടനാ സെക്രട്ടറിയാകുന്ന സമയത്ത് എസ്.എൻ.ഡി.പി യോഗം പബ്ലിക് സർവീസ് ബ്യൂറോ സെക്രട്ടറി എന്ന ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സമുദായത്തിന് സർക്കാർ സർവീസിൽ ശരിയായ പ്രാധിനിദ്ധ്യം ലഭിക്കുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ചെയ്യുകയായിരുന്നു ബ്യൂറോയുടെ ലക്ഷ്യം. ശാഖകൾ സ്ഥാപിച്ച് സമുദായശക്തി ഏകീകരിക്കാതെ സമുദായപരിഷ്‌കരണമോ അവകാശസമ്പാദനമോ സാദ്ധ്യമാകില്ലെന്ന് അദ്ദേഹം മനസിലാക്കി.


അവിടെനിന്നാണ് ഒരുവർഷംകൊണ്ട് ഒരുലക്ഷം അംഗങ്ങളെന്ന പദ്ധതിയുമായി ടി.കെ.മാധവൻ യോഗനേതാക്കളെ സമീപിക്കുന്നത്. നേതൃത്വത്തിന്റെ ആലോചനയിൽ അംഗത്വവിതരണം ഒരുവർഷം അരലക്ഷം എന്ന് ഭേദഗതി ചെയ്യുകയായിരുന്നു. അതാകട്ടെ ലക്ഷ്യത്തിനപ്പുറം വിജയിക്കുകയും ചെയ്തു. അന്നു തുടങ്ങിവച്ച സംഘടനാ വിപുലീകരണ പ്രവർത്തനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നതും എസ്.എൻ.ഡി.പി.യോഗം ലോകമാകെ പടർന്നു പന്തലിച്ചുകെണ്ടിരിക്കുന്നുവെന്നതും ആ മഹാത്മാവിനോട് സമുദായനേതൃത്വം കാട്ടുന്ന ആദരവുകൂടിയാണ്.


ടി.കെ. മാധവന്റെ കർമ്മകാണ്ഡത്തിലെ തിളക്കമാർന്ന മ​റ്റൊരദ്ധ്യായം വൈക്കം സത്യഗ്രഹമാണ്. മഹാത്മാ ഗാന്ധിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതും വൈക്കം സത്യഗ്രഹത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സവർണ സമുദായങ്ങളുടെയും പിന്തുണ നേടാനായതും മാധവവിജയമായാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏ​റ്റവും തിളക്കമാർന്ന വിശേഷണം ദേശാഭിമാനി ടി.കെ.മാധവൻ എന്ന പേരായിരുന്നു. ടി.കെയുടെയും കോമലേഴത്ത് മാധവന്റെയും ഉടമസ്ഥതയിൽ 1915 എപ്രിൽ 15ന് കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി പത്രമാണ് ആ പേരിനാധാരം.

എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം വാർഷികത്തിന് പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ ഒരുഭാഗം അക്കാലത്തെ സമുദായപ്രവർത്തകർ അഭിമുഖീകരിച്ചിരുന്ന വിഷമതകൾ വെളിവാക്കുന്നതായിരുന്നു. 'സാമുദായിക യത്നങ്ങൾക്കും അവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമെതിരെ കു​റ്റം പറയാൻ ആർക്കും കഴിയും. പക്ഷെ അതിലെല്ലാം ഇറങ്ങി മുന്നിട്ടുനിന്ന് പ്രവർത്തിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാകൂ. പ്രവർത്തിക്കുന്നവർ കു​റ്റം ഒഴിഞ്ഞവരാണെന്നൊ അവരുടെ കു​റ്റങ്ങളെ നോക്കിക്കണ്ട് പറഞ്ഞുകൂടെന്നൊ അല്ല ഞങ്ങൾ പറയുന്നത്. കു​റ്റം പറയാൻ മാത്രം ശ്രമിക്കാതെ അവരവരാൽ കഴിയുന്ന സഹകരണങ്ങളും സഹായങ്ങളും കൂടി ചെയ്യാൻ സന്നദ്ധത ഉണ്ടായിരിക്കണം. അതില്ലാതെ കു​റ്റം പറയാൻമാത്രം കാപ്പുകെട്ടിയിരിക്കുന്നവർ സമുദായസ്‌നേഹികളല്ല, സമുദായദ്റോഹികളാകുന്നു' എന്നായിരുന്നു മുഖപ്രസംഗത്തിലെ പരാമർശം.

ജന്മനാ അനാരോഗ്യവനായിരുന്ന മാധവൻ അവിരാമമായ സമുദായ സേവനപ്രവർത്തനങ്ങൾക്കൊണ്ടും കഠിനാധ്വാനംകൊണ്ടും ശയ്യാവലംബിയായിത്തീരുകയും 45ാമത്തെ വയസിൽ 1930 ഏപ്രിൽ 27ന് പുലർച്ചെ രക്തം ഛർദ്ദിച്ച് മരണത്തിന് കീഴടങ്ങുകയുമാണുണ്ടായത്. ആ ധീരദേശാഭിമാനിയുടെ മരിക്കാത്ത ഓർമകൾക്കുമുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ലീഡ്

......................

'സമുദായിക യത്നങ്ങൾക്കും അവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും എതിരെ കു​റ്റം പറയാൻ ആർക്കും കഴിയും. പക്ഷെ അതിലെല്ലാം ഇറങ്ങി മുന്നിട്ടുനിന്നു പ്രവർത്തിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാകൂ. പ്രവർത്തിക്കുന്നവർ കു​റ്റം ഒഴിഞ്ഞവരാണെന്നോ അവരുടെ കു​റ്റങ്ങളെ നോക്കിക്കണ്ട് പറഞ്ഞുകൂടെന്നൊ അല്ല ഞങ്ങൾ പറയുന്നത്. കു​റ്റം പറയാൻ മാത്രം ശ്രമിക്കാതെ അവരവരാൽ കഴിയുന്ന സഹകരണങ്ങളും സഹായങ്ങളും കൂടി ചെയ്യാൻ സന്നദ്ധത ഉണ്ടായിരിക്കണം. അതില്ലാതെ കു​റ്റം പറയാൻ മാത്രം കാപ്പുകെട്ടിയിരിക്കുന്നവർ സമുദായസ്‌നേഹികളല്ല, സമുദായദ്റോഹികളാകുന്നു'.