 ജനസാന്ദ്രതയുള്ളതിനാൽ സമൂഹ വ്യാപന സാദ്ധ്യത


ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രതയോടെ മുന്നോട്ടു പോകാൻ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ജില്ലയിൽ കൂട്ടായ പ്രവർത്തനത്തിലൂടെ രോഗവ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും ജനസാന്ദ്രതയുള്ളതിനാൽ സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്തുള്ള മുൻകരുതൽ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.

ഹരിപ്പാട് താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ആറ് പേർ മാത്രമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അഞ്ചു പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത്. അഞ്ച് മുതൽ പതിനൊന്ന് ദിവസം വരെയെടുത്താണ് ഇവരുടെ സാമ്പിളുകൾ നെഗറ്റീവായത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. 50,000 പ്രവാസികൾ മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ കൊവിഡ് കെയർ സെന്ററുകളാക്കാനായി 68 ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നായി ശുചിമുറി സൗകര്യമടങ്ങിയ 1756 മുറികൾ ഏറ്റെടുത്തിട്ടുണ്ട്.

180 ഹൗസ് ബോട്ടുകളിലായി 495 മുറികളും ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി സംസ്ഥാന ദുരന്തനിവാരണ സമിതിക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഇതുകൂടാതെ ശുചിമുറി സൗകര്യമുള്ള 1650 മുറികൾ കൂടി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാനായി ബാത്ത് അറ്റാച്ച്ഡ് അല്ലാത്ത 5800 മുറികളും കണ്ടെത്തിയിട്ടുണ്ട്.

യോഗത്തിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.


 കമ്മ്യൂണിറ്റി കിച്ചൺ


ജില്ലയിലെ 72 പഞ്ചായത്തുകളിൽ 79 കമ്മ്യൂണിറ്റി കിച്ചണും 6 നഗരസഭകളിൽ 10 കമ്മ്യൂണിറ്റി കിച്ചണുകളും ഉൾപ്പെടെ ആകെ 89 കിച്ചണുകൾ പ്രവർത്തിക്കുന്നു. ഏപ്രിൽ 24 വരെ ഈ കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ആകെ 4.47 ലക്ഷം പേർക്ക് ഭക്ഷണം നൽകി. തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാൽ സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നതിൽ മുന്നിട്ടുനിൽക്കുന്നത് ആലപ്പുഴയാണ്. സൗജന്യ ഭക്ഷണ വിതരണത്തിനും വീടുകളിൽ ഭക്ഷണം എത്തിക്കാനും തിരുവനന്തപുരം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്. ആവശ്യമുള്ള മുഴുവൻ പേർക്കും സമൂഹ അടുക്കള വഴി ഭക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവരെ വിട്ടുകളഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും കളക്ടർ കത്തു നൽകും. എന്നാൽ ആല പഞ്ചായത്തിൽ ഒരാൾക്കു പോലും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വിതരണം ചെയ്തിട്ടില്ലാത്തത് യോഗം ചർച്ച ചെയ്തു. പലർക്കും ഭക്ഷണം വേണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി.

.....................................

# അന്യസംസ്ഥാന തൊഴിലാളികൾ

 ജില്ലയിൽ 1741 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ

 ആകെ 16,987 അന്യസംസ്ഥാന തൊഴിലാളികൾ

 12,007 പേർക്ക് ഭക്ഷ്യ സാമഗ്രികൾ നൽകുന്നത് സർക്കാർ

 ബാക്കിയുള്ളവർക്ക് അതത് കരാറുകാർ

 അന്യസംസ്ഥാന തൊഴിലാളികൾക്കായി ചെലവാക്കിയത് 1.80 കോടി

.........................................


# നെല്ല് സംഭരണം


നെല്ല് സംഭരണം ജില്ലയിൽ പ്രശ്നരഹിതമായും വേഗത്തിലും നടക്കുന്നതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. റെക്കോഡ് സമയം കൊണ്ടാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. ജില്ലയിൽ ഇതുവരെ 1.13 ലക്ഷം മെട്രിക് ടൺ നെല്ല് 24,233 ഹെക്ടറിൽ നിന്നു കൊയ്തു. ഇതിൽ 1.08 ലക്ഷം മെട്രിക് ടൺ സംഭരിച്ചു. 4,437 ഹെക്ടർ കൂടി കൊയ്യാനുണ്ട്. 5,000 മെട്രിക് ടൺ നെല്ല് കൂടി സംഭരിക്കണം. മേയ് മാസത്തോടെ മുഴുവൻ കൊയ്ത്തും സംഭരണവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

# മഴക്കാല പൂർവ ശുചീകരണം


മഴക്കാലപൂർവ ശുചീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാനും ഓടകളടക്കം വൃത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി. ശുചിത്വമിഷൻ, ഹരിതകേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത്, ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളുടെ എകോപനത്തോടെയാണ് മഴക്കാല പൂർവശുചീകരണം നടപ്പാക്കുക. അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തൊഴിലുറപ്പ് ജോലികൾക്ക് നിയോഗിക്കാൻ തീരുമാനിച്ചു. പഞ്ചായത്തുകൾ ഇതിന് മേൽനോട്ടം വഹിക്കും. 60നു മുകളിൽ പ്രായമുള്ളവരെ തൊഴിലുറപ്പ് ജോലികളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.

# തോട്ടപ്പള്ളി, തണ്ണീർമുക്കം


തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും മാറ്റുന്ന ജോലി പുനരാരംഭിക്കും. മേയ് ഒന്നിന് തണ്ണീർമുക്കം ബണ്ട് തുറക്കാൻ തീരുമാനിച്ചു.