ആലപ്പുഴ: കൊവിഡ് പ്രതിരോധവും നിയന്ത്രണങ്ങളും എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസിൽ പത്താംക്ളാസ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചു.
കണക്കിലാണ് തുടക്കം. വിദ്യാർത്ഥികളെ നിശ്ചിത ഗ്രൂപ്പുകളായി തിരിച്ച് ഒരുമണിക്കൂർ ദൈർഘ്യമുള്ള ക്ളാസാണ് ക്രമപ്പെടുത്തിട്ടുള്ളതെന്ന് ഹെഡ്മിസ്ട്രസ് ജി. ജയശ്രീ അറിയിച്ചു. മൊബൈൽ ഫോൺ വഴിയാണ് ക്ളാസിൽ പങ്കെടുക്കേണ്ടത്. ഓരോ അദ്ധ്യായത്തിലും മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ വിശകലനം ചെയ്താണ് ക്ളാസ്. പഠിച്ച പാഠഭാഗങ്ങളുടെ ഓർമ്മ പുതുക്കാൻ ഇത് സഹായകകരമാകും. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പ്രയാർ സ്കൂളിൽ മാത്രമാണ് ഓൺലൈൻ പഠനക്ളാസ് ആരംഭിച്ചത്.
ഗണിതശാസ്ത്ര അദ്ധ്യാപിക ശ്രീജയുടെ നേതൃത്വത്തിൽ, സ്കൂളിലെ കണക്ക് അദ്ധ്യാപകരുടെ കൂട്ടായ്മയിൽ നടത്തുന്ന ക്ളാസുകൾക്ക് രക്ഷാകർത്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്കൂൾ മാനേജർ പ്രൊഫ. കൃഷ്ണപിള്ള പറഞ്ഞു. പരീക്ഷ നടക്കാനുള്ള കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലെ ക്ളാസുകൾ ഉടൻ ആരംഭിക്കുമെന്നും ഓൺലൈൻ ക്ളാസിന് സ്കൂൾ മാനേജ്മെന്റ് എല്ലാവിധ സഹായവും നൽകുമെന്നും ഡയറക്ടർബോർഡ് അംഗം ഡോ.പി.ബാലചന്ദ്രൻ അറിയിച്ചു.