കായംകുളം: നഗരസഭയിൽ 23 വാർഡുകളിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ വേതന കുടിശിക നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ പാലമുറ്റത്ത് വിജയകുമാർ നഗരസഭാ ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി.

തൊഴിൽ ചെയ്ത് പതിനൊന്ന് മാസം കഴിഞ്ഞിട്ടും 20 ലക്ഷത്തിൽ പരം രൂപ കുടിശികയാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട താത്കാലിക ജീവനക്കാർക്കും വേതനം നൽകിയിട്ടില്ല സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി​യുടെ പേരിൽ പാവപ്പെട്ട തൊഴിലാളികളുടെ ശമ്പളം തടഞ്ഞ് വച്ചി​രിക്കുമ്പോൾ മറുഭാഗത്ത് സംസ്ഥാന സർക്കാരും നഗരസഭയും കോടികളുടെ ധൂർത്താണ് നടത്തുന്നതെന്നും പാലമുറ്റത്ത് വിജയകുമാർ ആരോപിച്ചു. ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക വേതനം നൽകാൻ അടിയന്തര നടപടി സ്വീകരിക്കുവാൻ തയ്യാറായില്ലെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച് നഗരസഭാ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു