ജോലിക്കെത്തിയ ഭിന്നശേഷിക്കാരിക്ക് ആദരം
അമ്പലപ്പുഴ: കൊവിഡും ലോക്ക്ഡൗണും മൂലം വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് മാതൃകയാക്കാം വാഹിതയുടെ ഈ ആത്മസമർപ്പണത്തെ.
ശരീരത്തിന് 50 ശതമാനം വൈകല്യം. അസ്ഥിയിലുണ്ടായ പൊട്ടൽ മൂലം ശസ്ത്രക്രിയയ്ക്ക് വിധേയ ആയതിനാൽ കാലിൽ സ്റ്റീൽ റാഡ് ഇട്ടിട്ടുണ്ട്. എന്നിട്ടും ഭർത്താവ് ഷറഫുദ്ദീന്റെ കൈപിടിച്ച് ജോലിക്ക് എത്തിയിരിക്കുകയാണ് അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറായ വാഹിത. ലോക്ക്ഡൗൺ ആണെങ്കിലും താലൂക്ക് ഓഫീസ് അവശ്യസേവന പരിധിയിൽ വരുന്നതിനാൽ പ്രവർത്തനം മുടക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ വാഹിതയും തയ്യാറായില്ല.
കഴിഞ്ഞ 26 വർഷമായി ഈ ഓഫീസിൽ സ്വീപ്പറായി ജോലി ചെയ്യുകയാണ് എം.വാഹിത. കൊവിഡ് കാലത്ത് പൂർണ്ണ ആരോഗ്യമുള്ളവർ പോലും വീട്ടിലിരിക്കുമ്പോൾ പരിമിതികൾ വകവയ്ക്കാതെ കർമ്മനിരതയായി പ്രവർത്തിച്ച് മാതൃകയായതിന് ഡിഫറന്റ്ലി ഏബിൾഡ് എംപ്ളോയീസ് അസോ. അസോസിയേഷൻ ശുചീകരണ സാമഗ്രികൾ അടങ്ങിയ കിറ്റ്, അനുമോദന പത്രം എന്നിവ നൽകി വാഹിതയെ ആദരിച്ചു. സപ്ലൈ ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി. സാധുജൻ ശുചീകരണ കിറ്റ് നൽകി. താലൂക്ക് സപ്ലൈ ഓഫീസർ എൻ.വി.ശ്രീകുമാർ നമ്പൂതിരി അനുമോദന പത്രം കൈമാറി. റേഷനിംഗ് ഇൻസ്പെക്ടർ അനില കവളപ്പാറ, ജില്ലാ സെക്രട്ടറി മൺസൂർ മുഹമ്മദ്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് എൻ.ബിജുമോൻ, നിസ്സാമ്മ, ജയിംസ് കാർഡോസ് തുടങ്ങിയവർ പങ്കെടുത്തു.