ചേർത്തല: കണ്ണിന് അപൂർവ കാൻസർ ബാധിച്ച ഒന്നര വയസുകാരി അൻവിതയുമായി മാതാപിതാക്കൾ ഇന്നു രാവിലെ 6ന് ഹൈദരാബാദിലേക്കു പുറപ്പെടും. മൂന്നാമത്തെ കീമോയ്ക്കാണ് കുട്ടി വിധേയയാവുന്നത്.
ചേർത്തല മുനിസിപ്പൽ 24-ാം വാർഡിൽ കിഴക്കേ നാൽപത് മുണ്ടുവെളി വിനീത് വിജയന്റെ മകളാണ് അൻവിത. ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ സഹായത്തിലും പ്രത്യേക അനുമതിയിലുമാണ് യാത്ര. ഹൈദരാബാദിലെത്താനാകാതെ മുടങ്ങുമെന്നു കരുതിയ രണ്ടാമത്തെ കീമോ സർക്കാർ ഇടപെടൽ മൂലമാണ് നടന്നത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കുട്ടിയുടെ അമ്മയെ നേരിട്ട് ഫോണിൽ വിളിച്ച് സഹായങ്ങൾ നൽകാമെന്ന് അറിയിക്കുകയായിരുന്നു.
ഹൈദരാബാദിലെ എൽ.വി.പ്രസാദ്, അപ്പോളോ ആശുപത്രികളിലാണ് ചികിത്സ. മൂന്നാമത്തെ കീമോ 28നാണ് നടക്കുന്നത്.ഇന്ന് രാവിലെ 6ന് പുറപ്പെട്ട് രാത്രിയോടെ അവിടെയെത്തി 27ന് വിശ്രമിച്ച ശേഷം ആശുപത്രിയിലേക്കുപോകും.സി.പി.എം നിയന്ത്രണത്തിലുള്ള സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഹൈടെക് ആംബുലൻലസിലാണ് ഇക്കുറിയും യാത്ര. ആദ്യ യാത്രയിലെ ഡ്രൈവർമാർ തന്നെയാണ് ഇക്കുറിയും ഒപ്പമുള്ളത്. ഡി.ജി.പിയിൽ നിന്നും കളക്ടറിൽ നിന്നും ഇത് സംബന്ധിച്ച അനുമതി രേഖകൾ ലഭിച്ചു. വിവരങ്ങൾ പങ്കിടാൻ 'മിഷൻ അൻവിത' എന്ന പേരിൽ ഒരു വാട്‌സാപ് ഗ്രൂപ്പും തയ്യാറാക്കിയിട്ടുണ്ട്.