ph

കായംകുളം: യു.എ.ഇയിലെ റാസൽ ഖൈമയിൽ മരിച്ച പുല്ലുകുളങ്ങര കീരിക്കാട് തെക്ക് കുന്നുങ്കൽ ഷജിഭവനത്തിൽ ഷജിലാലിന്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാർഗോ വിമാനത്തിൽ ഉച്ചയ്ക്കു ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേന്ദ്രമന്ത്രി വി. മുരളീധരനോട് ആവശ്യപ്പെട്ടിരുന്നു. കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ വിഷയം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇട‌പെടൽ. അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.

കഴിഞ്ഞ 20നാണ് നെഞ്ചുവേദനയെത്തുടർന്ന് ഷജിലാൽ മരിച്ചത്.

അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് മാതാപിതാക്കളായ യശോധരനും ലീലയും ഭാര്യ രമ്യയും. ഷജിലാലിന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരാൻ വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് കേന്ദ്രത്തിന്റെ വിലക്ക് തടസമായത്. മോർച്ചറിയിലാക്കിയ മൃതദേഹം ദുബായിലുണ്ടായിരുന്ന സഹോദരൻ ഷിബുവും എൻ.ആർ.ഐ ചാപ്റ്റർ ഭാരവാഹികളും ചേർന്നാണ് നാട്ടിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയാണ് ഷജിലാൽ.