 സർവ്വ മേഖലകളിലും ഓൺലൈൻ തരംഗം

ആലപ്പുഴ: കൊവിഡ് ഭീതി വീശിയടിക്കാൻ തുടങ്ങിയതോടെ എൽ.കെ.ജി പഠനം മുതൽ മൾട്ടി നാഷണൽ കമ്പനികളുടെ ഡയറക്ടർബോർഡ് മീറ്റിംഗ് വരെ ഓൺലൈനിലേക്കു ചുരുങ്ങി. പഠനത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന ആരും നേർക്കുനേർ കാണുന്നില്ല. കാഴ്ചകളെല്ലാം കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണുകളുടെയും സ്ക്രീനിൽ മാത്രം. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവായാലും ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടോ എന്നുപോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് പലരും!

സൂം, ഫേസ്ബുക്ക് മെസഞ്ചർ, വാട്സാപ്പ് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് കൊവിഡ് കാലത്ത് വിദ്യാഭ്യാസ, വ്യാവസായിക രംഗങ്ങൾ പിടിച്ചുനിൽക്കുന്നത്. അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നും മറ്റും വാങ്ങാൻ ഡിജിറ്റൽ പേമെന്റുകൾ കൂടുതലായി പ്രയോജനപ്പെടുത്തുകയാണ് ഏവരും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വൻവർദ്ധനവും ഉണ്ടായി. പ്രാദേശിക സ്റ്റോറുകളിലടക്കം യു.പി.ഐ പോലുള്ള ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ സപ്ലൈസ്, ടെലികോം റീചാർജുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കമ്പനികളും ബാങ്കുകളും സാക്ഷ്യപ്പെടുത്തുന്നു.

ഡിജിറ്റൽ പേമെന്റുകൾ പ്രോസസ് ചെയ്യുന്ന കമ്പനികൾക്ക് വൻ ലാഭമാണിപ്പോൾ. ഓൺലൈൻ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമായ ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയും ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമുകളും ബൈജൂസ് ആപ്പ് പോലുള്ള വിദ്യാഭ്യാസ സംരംഭങ്ങളും ഈ രീതിയിൽ നേട്ടം കൈവരിച്ചവരാണ്. ഓഫീസുകൾ പ്രവർത്തിക്കാതെ, ഉത്പാദനവും വിതരണവും സേവനങ്ങളുമെല്ലാം നിശ്ചലാവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിൽ രക്ഷപ്പെട്ടത് ഓൺലൈൻ ബിസിനസുകൾ മാത്രമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ പറ്റിയ വിപണന തന്ത്രമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

...................................................

 12%- കൊവിഡിനു മുമ്പുള്ള ഓൺലൈൻ ഇടപാടുകാർ

 50%- കൊവിഡിന്റെ വരവോടെയുള്ള കുതിച്ചുകയറ്റം

.................................................

 എല്ലായിടത്തും 'സൂം'

നൂറു പേർക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയുംവിധം വീഡിയോ കോൺഫറൻസുകൾ നടത്താവുന്ന പ്ലാറ്റ്ഫോമാണ് സൂം ആപ്ലിക്കേഷൻ. ലോക്ക് ഡൗൺ പ്രാബല്യത്തിലായതോടെ 30 ദശലക്ഷം ഡൗൺലോഡുകൾ പിന്നിട്ടിരിക്കുകയാണ് ഈ ആപ്പ്. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ് മുറികൾ മുതൽ ബഹുരാഷ്ട്ര കമ്പനികളുടെ കോൺഫറൻസ് റൂമായി വരെ സൂം ഉപയോഗിക്കുന്നു. കൂടുതൽ പണം നൽകിയാൽ ഒരേ സമയം 500 പേർക്ക് വരെ പങ്കെടുക്കാമെന്നത് ആപ്ലിക്കേഷന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.

..................................

 കൊവിഡിനും 'പാക്കേജ്'

കൊവിഡിനെ 'ചെലവാ'ക്കാൻ ചില ഇൻഷ്വറൻസ് കമ്പനികൾ കൊവിഡ് പാക്കേജ് വരെ ആരംഭിച്ചു. 440 രൂപയുടെ പ്രതിമാസ പ്രീമിയം അടച്ചാൽ കൊവിഡ് സ്ഥിരീകരിക്കുന്ന വേളയിൽ 25,000 രൂപ കൈയിൽ കിട്ടുന്നത് മുതൽ വിവിധ നൂതന ചിന്തകളാണ് കൊവിഡ് കാലത്ത് ഉണർന്നിരിക്കുന്നത്.

...................................

# ഓൺലൈനിലെ കുതിപ്പ്

 ഓൺലൈൻ ക്ലാസുകൾ വ്യാപകമാക്കിയത് കൊവിഡ്

 ലോകത്തെവിടെ നിന്നും ഏതു കോഴ്സുകളിലും പങ്കെടുക്കാം

 എസ്.എസ്.എൽ.സി, പ്ലസ് ടു ഓൺലൈൻ ക്ളാസുകളുമായി സ്കൂളുകൾ

 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും ഓൺലൈലിൽ

 വീട് ഓഫീസാക്കിയതിൽ കൂടുതലും ഐ.ടി, ഇൻഷ്വറൻസ് മേഖലയിലുള്ളവർ

.........................................

ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഓൺലൈൻ പരീക്ഷകൾ നടത്തുന്നുണ്ട്. ഇന്റർനെറ്റ് സംവിധാനത്തിന്റെ പോരായ്മകൾ ക്ലാസുകളിൽ കല്ലുകടിയാവുന്നു. അദ്ധ്യയനം കുറയുന്നത് കണക്കിലെടുത്ത് എൻ.സി.ഇ.ആർ.ടി സിലബസിന് അനുസൃതമായി ഹയർസെക്കൻഡറി സിലബസും ലഘൂകരിക്കണം

(എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ)

..........................................

ഓഫീസ് മീറ്റിംഗുകൾ സൂം ആപ്പ് വഴി പതിവായി നടക്കുന്നുണ്ട്. ഓഫീസിൽ പോകുന്നില്ലെങ്കിലും ജോലി കൃത്യമായി തന്നെ ഓൺലൈനിൽ തുടരുകയാണ്

(മനു ഉപേന്ദ്രൻ, ഇൻഷ്വറൻസ് കമ്പനി ജീവനക്കാരൻ)