t

ആലപ്പുഴ: കൊവിഡ് ദുരിതകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ട നിലപാടുകളിലേക്ക് വെളിച്ചം വീശുന്ന 'ദ തേർഡ് വാർ' എന്ന ഹ്രസ്വചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു.

'മലയാളം മൂവീസ്' എന്ന ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്ത, 2:42 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ചലച്ചിത്ര സംവിധായകൻ മുരളീകൃഷ്ണനാണ് തയ്യാറാക്കിയത്. കൊവിഡിനെതിരായ മഹായുദ്ധം എന്ന് ധ്വനിപ്പിക്കുന്നതാണ് ടൈറ്റിൽ.

മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ കൂട്ടിയിണക്കിയ ചിത്രം പശ്ചാത്തല വിവരണത്തിലൂടെയും മുഖ്യമന്ത്രിയുടെ സംഭാഷണങ്ങളിലൂടെയുമാണ് വികസിക്കുന്നത്.

സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടും പ്രവാസികളുടെ കാര്യത്തിൽ കാട്ടുന്ന ജാഗ്രതയും സൂചിപ്പിക്കുന്നതിനൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരാമർശിക്കുന്നുണ്ട്.

രണ്ട് പതിറ്റാണ്ട് മുമ്പ്, തലസ്ഥാനനഗരിയിലെ ഒരു വേദിയിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാൻ കയറിയ നടൻ ജയറാമിന്റെ കൈയിൽ നിന്നു റിഹേഴ്സൽ സമയത്ത് ചെണ്ടക്കോൽ തെറിച്ചുപോയി. അപ്പോൾ അവിടെ എത്തിയ പിണറായി വിജയൻ ചെണ്ടക്കോൽ എടുത്ത് തിരികെ ഏൽപ്പിച്ചുകൊണ്ട് ജയറാമിനോട് പറഞ്ഞ വാക്കുകളോടെയാണ് ദ തേർഡ് വാർ അവസാനിക്കുന്നത്- 'പേടിക്കണ്ട, നന്നാവും, കസറണം, ഉഗ്രനാക്കണം- എന്റെ പേര് പിണറായി വിജയൻ എന്നാണ് ' .

എം.കെ.ടി പ്രൊഡക്ഷനാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചത്.

സുന്ദരകില്ലാടി, ചന്ദാമാമ എന്നീ ചിത്രങ്ങളുടെ സംവിധായകനായ മുരളീകൃഷ്ണൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.