30ന് പടിയിറങ്ങുന്നത് 65 ഡോക്ടർമാർ
ആലപ്പുഴ: സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ 23 വിഭാഗങ്ങളിൽ നിന്ന് 65 ഡോക്ടർമാർ ഈ മാസം 30ന് വിരമിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇവരുടെ സേവനം സർക്കാർ വീണ്ടും എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് വ്യക്തമല്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡോക്ടർമാരുടെ പെൻഷൻ പ്രായം 65 വയസാണ്. സംസ്ഥാനത്ത് 62 വയസും. വിരമിക്കൽ പ്രായം നീട്ടാൻ സർക്കാർ മുമ്പ് ആലോചന നടത്തിയെങ്കിലും എതിർസ്വരങ്ങൾ ഉയർന്നതിനെത്തുടർന്ന് അന്തിമതീരുമാനം ഉണ്ടായില്ല.
അടുത്തിടെ പ്രവർത്തനം ആരംഭിച്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാരുടെ 93 തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 60 ശതമാനം ഡോക്ടർമാരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുകയാണ്. ഡോക്ടർമാരുടെ കൂട്ട വിരമിക്കൽ ഉണ്ടാക്കുന്ന വിടവ് അന്നുതന്നെ നികത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രവാസികൾ കൂടി മടങ്ങിയെത്തുന്നതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനം അനിവാര്യമാവുകയും ചെയ്യും.