ലോക്ക്ഡഡണ ഇളവിലൂടെ കച്ചവടം മുന്നേറുന്നു
ആലപ്പുഴ: ലോക്ക് ഡൗണിൽ നേരിയ ഇളവ് ലഭിച്ചതോടെ വേനലിലെ 'തണ്ണിമത്തൻ ദിന'ങ്ങൾക്ക് പതിയെ തുടക്കമായി. വേനൽ മുന്നിൽക്കണ്ട് നേരത്തേതന്നെ വില്പനക്കാർ വൻതോതിൽ തണ്ണിമത്തൻ സംഭരിച്ചിരുന്നു. പക്ഷേ പൊടുന്നനെവന്ന നിയന്ത്രണങ്ങൾ കച്ചവടത്തെ ബാധിക്കുകയായിരുന്നു.
വഴിയോരങ്ങൾ കേന്ദ്രീകരിച്ചാണ് തണ്ണിമത്തൻ കച്ചവടം കൂടുതലായി നടക്കുന്നത്. ഗ്രാമങ്ങളിൽ വാഹനങ്ങളിലെത്തിച്ചും വില്പനയുണ്ട്. മുമ്പ് ജ്യൂസായും വഴിയോരങ്ങളിൽ നൽകിയിരുന്നു. പക്ഷേ, നിയന്ത്രണങ്ങൾ കാരണം തൂക്കിയുള്ള വില്പന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വേനൽച്ചൂട് കനക്കുമ്പോൾ ഒരു സാധാരണ വില്പന കേന്ദ്രത്തിൽ ദിവസം 500 കിലോ തണ്ണിമത്തനും 300 ഓളം ജ്യൂസുകളും ദിവസേന ചെലവാകുമായിരുന്നു.
ശരീര താപനിലയെ നിയന്ത്രിച്ചു നിറുത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ട വേനൽ ഫലമാക്കി മാറ്റിയിരിക്കുന്നത്. അതിനാൽ പാതയോരങ്ങളിലെ താത്കാലിക കേന്ദ്രങ്ങളിലെല്ലാം തണ്ണിമത്തനും തണുപ്പിച്ച തണ്ണിമത്തൻ ജ്യൂസ് വില്പനയും തകൃതിയായി നടന്നിരുന്നു. തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേർത്ത മിക്‌സഡ് ജ്യൂസിനും ഡിമാന്റേറെയായിരുന്നു.
സാധാരണ തണ്ണിമത്തൻ കിലോ 15രൂപയ്ക്ക് ലഭിക്കുമ്പോൾ കിരൺ ഇനത്തിൽപ്പെട്ട ചെറിയ തണ്ണിമത്തന് 20 രൂപയാണ്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ ഈ തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾ വാങ്ങുന്നതിലേറെയും. ജില്ലയിലെ പ്രധാന ചില്ലറവില്പന കേന്ദ്രത്തിങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നു ആഴ്ചയിൽ രണ്ടുതവണവരെ ലോറിയിൽ തണ്ണിമത്തൻ എത്തിച്ചിരുന്നതാണ്. ഇക്കുറി അതിർത്തിയിലെ നിയന്ത്രണങ്ങൾ ഇനിയുള്ള തണ്ണിമത്തൻ വരവിന് തടസമുണ്ടാക്കും. ചെന്നൈക്കു സമീപമുള്ള ഗ്രാമങ്ങളിൽ വിളവെടുപ്പ് കാലമായതോടെ തണ്ണിമത്തൻ കൂടുതലായി കേരളത്തിലേക്കു എത്തിത്തുടങ്ങിയ സമയത്താണ് കൊവിഡ് നിയന്ത്രണം വന്നത്.
# ചില്ലറക്കാരനല്ല
95 ശതമാനം ജലാംശം
തണ്ണിമത്തനിലെ സിട്രിലിൻ അമിനോ ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കും
ലൈകോഫീൻ എന്ന ഘടകം കാൻസറിനെ ചെറുക്കുന്നു
ഹൃദയാരോഗ്യത്തെ സഹായിക്കാൻ അത്യുത്തമം
കൊളസ്ട്രോൾ, അമിതമായ കൊഴുപ്പ് എന്നിവ കുറയ്ക്കുന്നു
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഗുണപ്രദം
ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾ പരിഹരിക്കുന്നു
# അമിതമായി കഴിച്ചാൽ
ദഹനക്കുറവ്, വായു പ്രശ്നം, മലബന്ധം, വയറിളക്കം
പൊട്ടാസ്യം കൂടുതലുള്ളത് കിഡ്നി രോഗികൾക്ക് ദോഷം
പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കൂട്ടും
അമിതമദ്യപാനികൾക്ക് മിതമായ അളവിൽ മാത്രം
.............................
# തണ്ണിമത്തൻ വില (കിലോ)
സാദാ: 12-15
കിരൺ: 15-20