ആലപ്പുഴ: കൊവിഡ് മൂലം നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം കരകയറുവാൻ കേന്ദ്രസർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗവൺമെന്റ് വികസന പദ്ധതി ചെയർമാൻ സി.വി. ആനന്ദബോസ് പറഞ്ഞു. ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ' കൊറോണാനന്തര ഭാരതം സാമ്പത്തിക-സാമൂഹ്യ തലങ്ങൾ ' എന്ന വിഷയം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനന്ദബോസ്. രാജ്യത്തിന്റെ സംരക്ഷകരായ വീട്ടമ്മമാരെയും കർഷകരെയും ഉദ്ദേശിച്ചുള്ളതാണ് പാക്കേജ്.

കർഷകന്റെ സാമൂഹ്യ നിലവാരം ഉയരുന്ന പദ്ധതികൾക്ക് രൂപം നൽകും. സംസ്ഥാനത്ത് പണം നി​ക്ഷേപം നടത്താൻ പറ്റുന്നതല്ല എന്ന കാഴ്ചപാട് മാറ്റിയെടുക്കുന്ന പ്രവർത്തന ശൈലി ഗവൺമെന്റും തൊഴിലാളി സംഘടനകളും കൈക്കൊള്ളണമെന്നും മുൻ തൊഴിലുറപ്പ് സെക്രട്ടറിയായിരുന്ന ആനന്ദബോസ് പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു, സെക്രട്ടറി അഡ്വ. അഞ്ജനാ ദേവി, ഡോ: രാധാകൃഷ്ണ പിള്ള , നിവേദ് , രതീഷ് , വി. മഹേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.