ചേർത്തല: ചേർത്തല ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ കെ.ജി. ബിജു ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് എം.വി.ഐ എൻ.ടി. കിഷോർ കുമാർ പൊലീസിനു നൽകിയ പരാതി വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട്. വ്യക്തി വൈരാഗ്യം തീർക്കാനായി കള്ളപ്പരാതി നൽകുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് ജില്ലാ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2019 ആഗസ്റ്റ് 24ന് വൈകിട്ട് 3.30ന് നടന്നെന്ന് ആരോപിക്കുന്ന സംഭവത്തെപ്പറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കിഷോർ പരാതി നൽകുന്നത്. സംഭവം നടന്നുവെന്നു പറയുന്ന ദിവസം കെ.ജി.ബിജു ഓഫീസിൽ ഇല്ലായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ജോയിന്റ് ആർ.ടി.ഒയ്ക്ക് ഒപ്പം ഹെവി ലൈസൻസ് ടെസ്റ്റിന് ശേഷം എറെ വൈകിയാണ് ബിജു ഓഫീസിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ അന്തിമ അനുമതിക്ക് ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. നിയമം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ നിയമം ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് ബിജുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഓഫീസിലെ ഇടനിലക്കാരെയും മറ്റും ഒഴിവാക്കാൻ ബിജു നടത്തിയ ഇടപെടലുകൾ ഇഷ്ടപ്പെടാതിരുന്നവരാണ് ആസൂത്രിത നീക്കത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ടായിരുന്നു.