ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ ​ടി.കെ.മാധവൻ നവതി ആചരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് ​ ചെട്ടികുളങ്ങരയിലെ ​ടി.കെ.മാധവൻ സ്മൃതി മണ്ഡപത്തിൽ യൂണിയൻ അഡ്മിനിസ്ട്രേ​റ്റിവ് കമ്മി​റ്റി കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി പുഷ്പാർച്ചന നടത്തുന്നതോടെ നവതി ആഘോഷങ്ങൾ തുടങ്ങും. തുടർന്ന് സമൂഹപ്രാർത്ഥന, വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും നടക്കും. യൂണിയൻ ഭരണ സമതി അംഗങ്ങളായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ നേതൃത്വം നൽകും.
എസ്.എൻ ട്രസ്​റ്റിന്റെ കീഴിൽ നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജ്, വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച നവതി സ്മാരക സ്‌ക്വയർ, ടികെ.മാധവന്റെ പൂർണ്ണകായ പ്രതിമ, മാവേലിക്കരയിലെ മുനിസിപ്പൽ പാർക്ക് എന്നിവയാണ് ​ടി.കെ.മാധവന്റെ പേരിൽ ഇന്ന് നിലവിലുള്ള സ്മാരകങ്ങൾ. കേരള നവോത്ഥാനത്തിന് ഉജ്ജ്വല സംഭാവന നൽകിയ ടി.കെ.മാധവന് ഇന്നും അർഹമായ അംഗികാരം ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കാനും യൂണിയൻ തീരുമാനിച്ചു. നവതി ആചരണ പരിപാടികൾ പൂർണ്ണമായും സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാവും നടത്തുകയെന്ന് അഡ്വ. സിനിൽ മുണ്ടപ്പള്ളി അറിയിച്ചു.