കോട്ടയം സ്വദേശിയെ ചോദ്യം ചെയ്ത പൊലീസുകാർ അങ്കലാപ്പിൽ
ആലപ്പുഴ: കോട്ടയം ഏറ്റുമാനൂരിൽ നിന്ന് തട്ടിയെടുത്ത ആട്ടോറിക്ഷയുമായി ചേർത്തല കഞ്ഞിക്കുഴിയിലെത്തി പൊലീസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയ ആൾ, താൻ കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് പൊലീസിനെ പരിഭ്രാന്തിയിലാക്കി. ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഫയർഫോഴ്സ് സംഘം മാരാരിക്കുളം പൊലീസ് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി.
ഏറ്റുമാനൂർ കാണാക്കാരി രാജീവ് മന്ദിരത്തിൽ രാജേഷ് (52) ആണ് പൊലീസിനെ വട്ടംചുറ്റിച്ചത്. ഏറ്റുമാനൂർ മാർക്കറ്റിൽ നിന്നാണ് ഇയാൾ ആട്ടോ തട്ടിയെടുത്തത്. രാവിലെ ഒമ്പത് മണിയോടെ കഞ്ഞിക്കുഴിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന മാരാരിക്കുളം പൊലീസ് നിയന്ത്രണം തെറ്റിയ രീതിയിൽ വന്ന ആട്ടോറിക്ഷ തടഞ്ഞു. ഇയാളുടെ സംസാരത്തിൽ പന്തികേട് തോന്നിയതിനെത്തുടർന്ന് താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ ഊരിയിട്ടും സ്റ്റാർട്ടായ വാഹനവുമായി ഇയാൾ വീണ്ടും മുന്നോട്ട് പോയി. പൊലീസ് പിന്തുടർന്ന് പിടികൂടി മാരാരിക്കുളം സ്റ്റേഷനിൽ എത്തിച്ചു. ഇതോടെയാണ് കോട്ടയത്തെ കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടെന്ന് ഇയാൾ പറഞ്ഞത്.
ഭയന്നുപോയ പൊലീസുകാർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തി ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മാനസിക വിഭ്രാന്തികാട്ടുന്ന ഇയാളുടെ വെളിപ്പെടുത്തൽ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. രാജേഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.